Ukraine Crisis : ഇതാദ്യമായാണ് യുക്രൈൻ സ്വന്തം ഭാഗത്തെ സൈനിക നാശം സംബന്ധിച്ച കണക്കുകൾ പുറത്തു വിടുന്നത്
കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 1300 യുക്രൈൻ (Ukraine) സൈനികരാണെന്ന് (Ukraine Soldiers) യുക്രൈന്‍ സര്‍ക്കാര്‍. യുക്രൈന്‍ പ്രസിഡന്‍റ് സെലെൻസ്കിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഫെബ്രുവരി മാസം അവസാനം റഷ്യ (Russia) യുക്രൈനിലേക്ക് ആക്രമണം ആരംഭിച്ച ശേഷം ഇതാദ്യമായാണ് യുക്രൈൻ സ്വന്തം ഭാഗത്തെ സൈനിക നാശം സംബന്ധിച്ച കണക്കുകൾ പുറത്തു വിടുന്നത്. നേരത്തെ കൊല്ലപ്പെട്ട റഷ്യൻ സൈനികർ 12,000ലധികം ആണെന്ന് യുക്രൈന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല.
അതേ സമയം യുക്രൈന്‍ നഗരമായ മരിയുപോളില്‍(Mariupol) മുസ്ലിം പള്ളിക്ക് (Mosque) നേരെ ഷെല്ലാക്രമണം (Shell attack) നടത്തിയ റഷ്യ (Russia) കുട്ടികളെയടക്കം 80ഓളം പേരെ കൊലപ്പെടുത്തിയെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രാലയം. തുറമുഖ നഗരമായ മരിയുപോളില്‍ പള്ളിയില്‍ അഭയം തേടിയ പൗരന്മാര്‍ക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും യുക്രൈന്‍ വ്യക്തമാക്കി. സുല്‍ത്താന്‍ സുലൈമാന്റെയും ഭാര്യ റോക്‌സോളാനയുടെയും പേരിലുള്ള പള്ളിക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. 34 കുട്ടികളും സ്ത്രീകളുമടക്കം 84 പേര്‍ കൊല്ലപ്പെട്ടെന്നും യുക്രൈന്‍ ആരോപിച്ചു.
മരിയുപോളിയെ ആശയവിനിമയ സംവിധാനങ്ങള്‍ തകാറിലായെന്നും അവിടേക്ക് എത്തിപ്പെടാനാകുന്നില്ലെന്നും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി അറിയിച്ചു. മരിയുപോളില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇവര്‍ക്ക് കൃത്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. കൊടും തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ല. യുക്രൈനില്‍ നിന്ന് തങ്ങളുടെ 14,000 പൗരന്മാരെ നാട്ടിലെത്തിച്ചെന്ന് തുര്‍ക്കി വ്യക്തമാക്കി. മരിയുപോള്‍ നഗരം റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.\
നഗരത്തിലെ സ്ഥിതിഗതികള്‍ മോശമാണെന്നും യുക്രൈനും പ്രതികരിച്ചു. റഷ്യ സിവിലിയന്മാരെ ലക്ഷ്യം വെക്കുകയാണെന്ന് യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപത്തെത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. കീവ് പ്രദേശത്തെ വാസില്‍കീവിലെ എയര്‍ബേസിന് നേരെ റഷ്യ റോക്കറ്റാക്രമണം നടത്തി.
ഓപ്പറേഷൻ ഗംഗ പരിസമാപ്തിയിലേക്ക്; രക്ഷാദൗത്യത്തിൽ നിർണ്ണായക ഇടപെടലുമായി മലയാളി കൂട്ടായ്മകൾ
യുക്രൈനിലുള്ള (Ukraine) ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക്. സുമിയില്‍ (Sumy) കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പോളണ്ട് അതിര്‍ത്തി വഴി ഒഴിപ്പിക്കുന്നതിന് ഇന്ത്യന്‍ എംബസിക്ക് താങ്ങായി നിന്നത് പോളണ്ടിലെ മലയാളി കൂട്ടായ്മയാണ്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ ഇവിടെ വോളണ്ടിയര്‍മാരായി എത്തി. പോളണ്ട് യുക്രൈന്‍ അതിര്‍ത്തി നഗരമായ ജെഷോവില്‍ നിന്ന് പ്രശാന്ത് രഘുവംശം ഇവരില്‍ ചിലരോട് സംസാരിച്ചു.
ഒഴിപ്പിക്കലിന് വേഗം പകര്‍ന്നതായിരുന്നു മലയാളി കൂട്ടായ്മയുടെ ഇടപെടല്‍. യുദ്ധം തുടങ്ങിയത് മുതല്‍ ആരും ആവശ്യപ്പെടാതെ തന്നെ നൂറുകണത്തിന് മലയാളികളാണ് സഹായത്തിനായി എത്തിയതെന്ന് മലയാളിയായ ജിന്‍സ് പറയുന്നു. 700 പേര്‍ അടങ്ങുന്ന സംഘമാണ് സുമിയില്‍ നിന്ന് വന്നത്. അവര്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കാന്‍ കഴിഞ്ഞെന്ന് അരുണ്‍ പറഞ്ഞു. പോളണ്ട് സര്‍ക്കാറിന്‍റെയും ഇന്ത്യന്‍ എംബസിയും നല്ല പിന്തുണ ഉണ്ടായിരുന്നെങ്കിലും മലയാളി കൂട്ടായ്മയിലെ അംഗങ്ങള്‍ പറയുന്നു. പോളണ്ട് പൊലീസ് സേന സുരക്ഷയും ഒരുക്കി.
സുമിയിലടക്കം റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചതോടെയാണ് മാനുഷിക ഇടനാഴി വഴി ആദ്യമായി ഇന്ത്യൻ വിദ്യാർഥികളെ യുദ്ധ ഭൂമിയിൽ നിന്ന് തിരിച്ചെത്തിച്ചത്. സുമിയിലെ വിദ്യാർഥികൾക്ക് യുക്രെയ്ൻ സൗകര്യമൊരുക്കിയിരുന്നു. അവിടെ നിന്നുള്ള ട്രെയിനിൽ കയറ്റിയ ശേഷം പാസ്പോർട്ട് പരിശോധന അടക്കം നടത്തിയാണ് അയച്ചത്. ഇന്ത്യയിലേക്ക് തിരിക്കുന്നതുവരെയുള്ള താമസവും ഭക്ഷണവും അടക്കമുള്ള സൗകര്യങ്ങൾ പോളണ്ടും വോളണ്ടിയർമാരും ചേർന്നാണ് ഒരുക്കിയത്.
