ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്‌ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

ബലൂചിസ്ഥാന്‍: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സ്വന്തം മണ്ണില്‍ തിരിച്ചടി. പാകിസ്ഥാനിലെ ബലൂചിസ്താനില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 14 പാകിസ്ഥാൻ സൈനികരെ കൊലപ്പെടുത്തിയെന്ന് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). പാക് സൈനിക വാഹനം കുഴി ബോംബ് സ്‌ഫോടനത്തിൽ തകർക്കുന്ന ദൃശ്യങ്ങൾ ഇവർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. അതേസമയം, പാകിസ്ഥാൻ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഏറെ നാളായി സംഘര്‍ഷ മേഖലയാണ് ബലൂചിസ്ഥാന്‍. പാകിസ്ഥാന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ഇത്. പാകിസ്ഥാന്‍ ഭരണകൂടവും സൈന്യവും പല പൗരവകാശ ലംഘനവും അവിടെ നടത്തുന്നുണ്ടെന്ന് ആരോപിച്ച് സ്വതന്ത്ര രാജ്യത്തിനായി പല പ്രക്ഷോഭങ്ങളും നടന്ന ഇടമാണ്. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). സമീപകാലത്ത് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി പലതവണ പാകിസ്ഥാന്‍ സൈന്യത്തെ ആക്രമിച്ചപ്പോളും ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോഴും പാകിസ്ഥാന്‍ ഉടനടി പ്രതികരിക്കാറുണ്ടായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ഇടയില്‍ നടന്ന ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയുടെ ആക്രമണത്തോട് ഇതുവരെ പാക് സൈന്യം പ്രതികരിച്ചിട്ടില്ല.

ബലൂചിസ്ഥാനെ പാകിസ്ഥാനില്‍ നിന്നും വേര്‍പ്പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ. ഏപ്രില്‍ 15ന് പൊലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം