Ukraine crisis:   യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ യുക്രൈന് വേണ്ടി പോരാടാൻ വിദേശികളെ പ്രസിഡന്‍റ് വൊലോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു.

കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ എത്തുന്ന വിദേശികൾക്ക് ഭാവിയിൽ പൗരത്വം നൽകുമെന്ന് യുക്രൈന്‍ (Ukraine). ഇതുവരെ മുപ്പതോളം രാജ്യങ്ങളിൽ നിന്നായി പതിനാറായിരത്തിലേറെ പേർ റഷ്യയ്ക്കെതിരായ (Russia) പോരാട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയെന്നാണ് യുക്രൈന്‍റെ കണക്ക്. ജോർജിയയിലെ മുൻ പ്രതിരോധ മന്ത്രിയും യുദ്ധസന്നദ്ധനായി എത്തിയിട്ടുണ്ട്.

യുദ്ധം തുടങ്ങിയതിന് പിന്നാലെ തന്നെ യുക്രൈന് വേണ്ടി പോരാടാൻ വിദേശികളെ പ്രസിഡന്‍റ് വൊലോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു. ടെറിറ്റോറിയൽ ഡിഫെൻസിന്‍റെ ഇന്‍റർനാഷണൽ ലീജിയണിൽ (international legion of territorial defense) ഇതുവരെ പതിനാറായിരത്തിലേറെ പേർ ചേർന്നെന്നാണ് യുക്രെയ്ന്‍റെ കണക്ക്. വിവിധ രാജ്യങ്ങളിലെ യുക്രെയ്ൻ എംബസികൾ കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ട്മെന്‍റ്.

വിരമിച്ച സൈനികരും സൈനിക പരിശീലനമേ ലഭിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. പോരാട്ടത്തിന് സന്നദ്ധരായി എത്തുന്നതിന് ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടന്നാണ് അവരുമായി സംസാരിച്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. യുക്രൈനെ യുദ്ധമുഖത്ത് സഹായിക്കാൻ ജോർജിയയുടെ മുൻ പ്രതിരോധ മന്ത്രി ഇറാക്‍ലി ഒക്രുവാഷ്‍വിലി എത്തിയെന്ന് യുക്രൈന്‍റെ പ്രതിരോധ മന്ത്രാലയമാണ് അറിയിച്ചത്.

ജോർജിയയിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്കൊപ്പമാണ് അദ്ദേഹം എത്തിയത്. നേരത്തെ ലാത്വിയയിൽ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും യുദ്ധം ചെയ്യാനായി എത്തിയിരുന്നു. വിദേശത്ത് നിന്നെത്തിയവരിൽ ഭാവിയിൽ യുക്രെയ്ൻ പൗരത്വം സ്വീകരിക്കാനാഗ്രഹിക്കുന്നവർക്ക് അത് നൽകുമെന്ന് ആഭ്യന്തര സഹമന്ത്രി യെവ്‍ഹിൻ യെനിൻ പറഞ്ഞിരുന്നു.

യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന് തമിഴ് വിദ്യാര്‍ത്ഥി; വിവരം ശേഖരിച്ച് ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ

കോയമ്പത്തൂർ സ്വദേശിയായ വിദ്യാർത്ഥി യുക്രൈൻ സൈന്യത്തിൽ ചേർന്നതായി വിവരം. സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്. ഖാർകിവ് എയറോനോട്ടിക്കൽ സർവകലാശാലയിൽ വിദ്യാർത്ഥിയാണ് സായി നികേഷ്. ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ‍ഡിഫെൻസിൽ ചേർന്നതായാണ് വിവരം. കോയമ്പത്തൂരിലെ സായി നികേഷിന്റെ വീട്ടിലെത്തി ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. സൈനിക യൂണിഫോമിൽ ആയുധങ്ങളുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സായി നികേഷിനെ ഫോണിൽ കിട്ടുന്നില്ലെന്ന് വിശദമാക്കിയ കുടുബം കൂടുതൽ പ്രതികരിച്ചില്ല. 2018ലാണ് സായി നികേഷ് യുക്രൈനിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഞ്ച് വര്‍ഷത്തെ കോഴ്സിനാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാർ വീഡിയോ ഗെയിമുകളിൽ തൽപ്പരനാണ് യുവാവെന്നാണ് വിവരം. ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ വീട്ടിൽ നടത്തിയ പരിശോധനയിലും സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി.

റഷ്യയുടെ റൈറ്റിംഗ് കുത്തനെ താഴ്ത്തി

റഷ്യയുടെ റേറ്റിങ് വീണ്ടും താഴ്ത്തി റേറ്റിങ് ഏജൻസിയായ ഫിച്ച്. സാന്പത്തിക ഉപരോധങ്ങൾ റഷ്യയെ സാരമായി ബാധിച്ചുതുടങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് ഫിച്ചിന്‍റെ തീരുമാനം. വ്യോമയാന,ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളും സേവനങ്ങളും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ബ്രിട്ടൻ നിർത്തി. കൊക്കോകോളയും പെപ്സിയും റഷ്യയിലെ വിൽപന നിർത്തി. റഷ്യയിലെ സ്റ്റാർബക്സ് കോഫിഷോപ്പുകളും മക്ഡൊണാൾഡ്സ് ഔട്ട്‍ലെറ്റുകളും അടച്ചു. റോളക്സ് വാച്ചുകൾ റഷ്യയിലേക്കുള്ള കയറ്റുമതി നിർത്തി. യൂണിവേഴ്സൽ മ്യൂസിക് ഗ്രൂപ്പ് റഷ്യയിലെ പ്രവർത്തനം നിർത്തി.

Read Also : വിദേശികള്‍ക്ക് യുക്രൈനില്‍ വിസയില്ലാതെ വന്ന് റഷ്യയ്ക്കെതിരെ പോരാടാം ; ചെയ്യേണ്ടത് ഇത്