ടേക്ക് ഓഫിന് സജ്ജമായിരുന്ന വിമാനത്തിനുള്ളിലേക്ക് ബോർഡിംഗ് സ്റ്റെയർ കേസിലൂടെയാണ് തോക്കുമായി 17കാരൻ എത്തിയത്. ആയുധം കണ്ട് ബഹളം വച്ച യാത്രക്കാരും ക്രൂ അംഗങ്ങളും നടത്തിയ ഇടപെടലാണ് അക്രമിയെ പിടികൂടാൻ സഹായിച്ചത്
മെൽബൺ: വേലിക്കെട്ടിലെ ചെറുപഴുതിലൂടെ വിമാനത്താവളത്തിനകത്ത് കടന്ന 17കാരൻ വിമാനത്തിലേക്ക് കയറാൻ ശ്രമിച്ചത് തോക്കുമായി. ഓസ്ട്രേലിയയിലെ അവലോൺ വിമാത്താവളത്തിൽ ജെറ്റ്സ്റ്റാർ വിമാനത്തിനുള്ളിലേക്കാണ് 17കാരൻ തോക്കും വെടിയുണ്ടകളുമായി കയറാൻ ശ്രമിച്ചത്. വിക്ടോറിയ സ്വദേശിയായ 17കാരനാണ് എയർപോർട്ടിലെ ഗ്രൌണ്ട് ഡ്യൂട്ടി ചെയ്യുന്ന ടെക്നിക്കൽ ജീവനക്കാരന്റെ വേഷത്തിൽ വിമാനത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് വിമാനത്താവളത്തിലേക്ക് 17കാരൻ നുഴഞ്ഞ് കയറിയത്.
160 യാത്രക്കാർ ബോർഡ് ചെയ്തിരുന്ന വിമാനത്തിലേക്കാണ് തോക്കും വെടിയുണ്ടകളുമായി 17കാരൻ എത്തിയത്. തോക്ക് കണ്ട് യാത്രക്കാർ ബഹളം വച്ചതിന് പിന്നാലെ ക്യാബിൻ ക്രൂ അംഗങ്ങൾ 17കാരനെ തടയുകയും ബലപ്രയോഗത്തിലൂടെ കീഴടക്കുകയുമായിരുന്നു. ബോർഡിംഗ് സ്റ്റെയർ കേസിലൂടെയാണ് ഇയാൾ വിമാനത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. യാത്രാ വിമാനത്തിന്റെ മുൻ വശത്തെ വാതിലിലൂടെയാണ് 17കാരൻ അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. ഈ സമയത്താണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ക്രൂ അംഗങ്ങളും തോക്ക് കണ്ട് ബഹളം വച്ചത്. യാത്രക്കാരും ക്രൂ അംഗങ്ങളും ചേർന്ന് തടഞ്ഞുവച്ച 17കാരനെ പൊലീസ് എത്തിയാണ് വിമാനത്തിൽ നിന്ന് നീക്കിയത്.
ഇയാളുടെ പക്കൽ കത്തിയും പെട്രോളും ഉണ്ടായിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഷോട്ട് ഗണും തിരകളും പൊലീസ് പിടിച്ചെടുത്തു. ലൈസൻസുള്ള തോക്കല്ല 17കാരന്റെ പക്കലുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭയപ്പെടുന്ന സംഭവമാണ് നടന്നതെന്നും സുരക്ഷാ വീഴ്ചയിലുണ്ടായ പാളിച്ച പരിശോധിച്ച് പരിഹരിക്കുമെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. ടെക്നിക്കൽ ജീവനക്കാരൻ എന്ന നിരീക്ഷണമായിരുന്നു ക്രൂ അംഗങ്ങൾക്ക് സംഭവത്തിൽ ആദ്യമുണ്ടായിരുന്നത്. പിന്നീടാണ് വിമാനത്താവളവുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് മുന്നിലുണ്ടായിരുന്നതെന്ന് മനസിലായതെന്നാണ് എയർ ഹോസ്റ്റസുമാർ സംഭവത്തേക്കുറിച്ച് പറയുന്നത്.
