അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിലും ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് 20 പേരെ അറസ്റ്റ് ചെയ്തത്. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ് അക്രമികളുടെ നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. 

ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിലും ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് 20 പേരെ അറസ്റ്റ് ചെയ്തത്. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ് അക്രമികളുടെ നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.

പഞ്ചാബ് പ്രവിശ്യയിലെ റഹിംയാര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് എന്ന സ്ഥലത്താണ് വടികളും ആയുധങ്ങളുമേന്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും വിഗ്രഹങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്. ശ്മാശനത്തില്‍ മൂത്രമൊഴിച്ച കേസില്‍ എട്ടുവയസ്സുകാരനെ കോടതി വെറുതെവിട്ടതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘം ക്ഷേത്രത്തിന് നേരെ അക്രമം അഴിച്ചുവിട്ടത്. എത്രയും വേഗം കൂടുതല്‍ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഭീകരവാദ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ക്ഷേത്രം തകര്‍ത്ത സംഭവത്തെ പാകിസ്ഥാന്‍ പാര്‍ലമെന്റും അപലപിച്ചിരുന്നു. സംഭവത്തില്‍ ഇന്ത്യയും പ്രതിഷേധം രേഖപ്പെടുത്തി. പാക് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. 75 ലക്ഷം ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ ജീവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona