നൈജീരിയയിലെ ഒരു ക്രിസ്ത്യൻ സ്കൂളിൽ അതിക്രമിച്ച് കയറിയ സായുധ സംഘം നൂറിലധികം വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. സമീപകാലത്ത് രാജ്യത്ത് നടക്കുന്ന സമാനമായ ആക്രമണങ്ങളുടെ തുടർച്ചയാണിത്. 

അബുജ: നൈജീരിയയില്‍ ക്രിസ്ത്യന്‍ സ്കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം നൂറിലേറെ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപൊയതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ വടക്കൻ-മധ്യ സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് സംഭവം. പുലർച്ചെ ഒരു കൂട്ടം സായുധ കൊള്ളക്കാർ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ചു കയറിയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തു. ചില വിദ്യാർത്ഥികൾക്ക് സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ കഴിഞ്ഞെന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പറഞ്ഞു. തട്ടിക്കൊണ്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ സ്കൂളില്‍ എത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

നൈജീരിയയുടെ തലസ്ഥാനമായ അബുജയുമായി അതിർത്തി പങ്കിടുന്ന നൈജറിൽ തോക്കുധാരികൾ ഒരു പള്ളിയിൽ നടത്തിയ സമാനമായ ആക്രമണം നടത്തുതിയിരുന്നു. ഈ ആഴ്ച, വടക്കുപടിഞ്ഞാറൻ കെബ്ബി സംസ്ഥാനത്തെ പെൺകുട്ടികളുടെ ബോർഡിംഗ് സ്കൂളിൽ അതിക്രമിച്ചു കയറിയ ആയുധധാരികൾ 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഈ ആക്രമണത്തിൽ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിച്ചു.

സെന്റ് മേരീസ് സ്കൂളിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തെ നൈജർ സംസ്ഥാന സർക്കാർ അപലപിച്ചു. തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി സുരക്ഷാ സേന പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് നൈജർ സംസ്ഥാന പോലീസ് കമാൻഡ് വെള്ളിയാഴ്ച പറഞ്ഞു. നൈജീരിയയിൽ ഇസ്ലാമിക കലാപകാരികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.