മണ്ണിടിച്ചില്‍ അകപ്പെട്ട ഒരു അമ്മയേയും കുഞ്ഞിനെയും മണ്ണിനടിയില്‍ ആലിംഗനാബദ്ധരി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും നോറസാം ഖാമിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
മലേഷ്യ: തലസ്ഥാനമായ ക്വാലാലംപൂരിന് 50 കിലോമീറ്റര്‍ വടക്കുള്ള ബതാങ് കാലി പട്ടണത്തിനടുത്തുള്ള ഓർഗാനിക് ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെയായി ആറ് കുട്ടികളടക്കം 23 പേര്‍ മരിച്ചു. പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷം ചെളിയിലും അവശിഷ്ടങ്ങളിലും അകപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് സെലാൻഗോർ സ്റ്റേറ്റ് ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ നോറസാം ഖാമിസ് പറഞ്ഞു. 400 ഓളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മൗണ്ടൻ കാസിനോ റിസോർട്ടിന് സമീപമുള്ള ക്യാമ്പ് സൈറ്റില്‍ മണ്ണിടിച്ചിലുണ്ടാകുമ്പോള്‍ പ്രദേശത്ത് ഏതാണ്ട് 90 ഓളം പേരുണ്ടായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും അപകടം സംഭവിക്കുമ്പോള്‍ ഉറക്കത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 61 പേരെ അപകട സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. മണ്ണിടിച്ചില്‍ അകപ്പെട്ട ഒരു അമ്മയേയും കുഞ്ഞിനെയും ആലിംഗനാബദ്ധരായി മണ്ണിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നും നോറസാം ഖാമിസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ ഫാമിന് ക്യാമ്പ് സൈറ്റ് നടത്താനുള്ള ലൈസൻസ് ഇല്ലെന്നും നിയമം ലംഘിച്ചതായി തെളിഞ്ഞാല്‍ ഉടമസ്ഥരെ വിചാരണ ചെയ്ത് ശിക്ഷിക്കുമെന്നും അധികൃതര്‍ പറഞ്ഞു. അപകടം നടന്നതിന് പിന്നാലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രദേശം സന്ദർശിച്ചു, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് സെലാംഗൂർ മുഖ്യമന്ത്രി അമീറുദ്ദീൻ ശാരി ട്വീറ്റ് ചെയ്തു. എല്ലാവര്‍വും ഡിസംബര്‍ മാസത്തിലെ കനത്ത മഴയ്ക്ക് ശേഷം മലേഷ്യയില്‍ മണ്ണിടിച്ചില്‍ പതിവാണ്. എന്നാല്‍, ഇത്തവണ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് മഴ ഉണ്ടായിരുന്നില്ല. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ പതിവായതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വികസനത്തിന് സര്‍ക്കാര്‍ കര്‍ശന നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ക്വാലാലംപൂരിലെ പ്രാന്തപ്രദേശത്ത് കനത്ത മഴയെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചിരുന്നു. 1993-ൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലിൽ 12 നിലകളുള്ള ഒരു പാർപ്പിട സമുച്ചയം തകർന്ന് 48 പേര്‍ മരിച്ചിരുന്നു.
