കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ 23 റോക്കറ്റുകളുടെ ആക്രമണം. ആക്രമണത്തില്‍ എട്ട് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 31 പേര്‍ക്ക് പരിക്കേറ്റു. ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിലെന്നും ട്രക്കില്‍ എത്തിച്ച മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരിഖ് ആരിയന്‍ പറഞ്ഞു. പരിശോധനകളില്ലാതെ വാഹനം എങ്ങനെ നഗരത്തില്‍ പ്രവേശിച്ചെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രദേശവാസികള്‍ മിസൈല്‍ ആക്രമണ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു. പൊതുവിടങ്ങളില്‍ ഇത്തരം ആക്രമണം നടത്തില്ലെന്നും താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. ശനിയാഴ്ച തന്നെ നടന്ന മറ്റൊരാക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍-താലിബാന്‍ സമാധാന ചര്‍ച്ചകളുടെ തീരുമാനം ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് വാര്‍ത്താഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.