ടെഹ്റാന്‍: ഇറാനില്‍ കുടുങ്ങിയ 277 ഇന്ത്യക്കാരെ രാജസ്ഥാനിലെ ജോധ്പൂരില്‍ തിരിച്ചെത്തിച്ചു. ലഡാക്കില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ഇവരില്‍ ഭൂരിഭാഗവും. തിരിച്ചെത്തിയവരെ 14 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. ഇറാനിൽ 255 ഇന്ത്യക്കാർക്ക് കൊവിഡ് 19 എന്ന  റിപ്പോർട്ടുകൾ ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 19 ന് ഇറാനില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ചെന്ന് വിദേശകാര്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. 

അതേസമയം ലോകത്ത് കോവിഡ് മരണം 18000 കടന്നു . നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട് . ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ് . ഇറ്റലിയിൽ  കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു .  5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.  സ്‌പെയിനിൽ ഇന്ന് മരിച്ചത്  489 പേരാണ് . അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. 

അമേരിക്കയിൽ ഇന്ന് മാത്രം 5800 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബെർഗിനെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. തന്‍റെ രോഗവിവരം ഗ്രെറ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്.