മുത്തശ്ശിയുടെ വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്
വീട്ടില്‍ അതിക്രമിച്ച് കയറിയ ആളെന്ന് തെറ്റിധരിച്ചായിരുന്നു വെടിവച്ചതെന്നാണ് ദാരുണ സംഭവത്തേക്കുറിച്ച് പൊലീസ് പ്രതികരിക്കുന്നത്

ഓഹിയോ: മരിച്ചുപോയ മുത്തശ്ശിയുടെ വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന യുവാവിനെ വെടിവച്ച് വീഴ്ത്തി പൊലീസ്. ഓഹിയോയിലാണ് പൊലീസ് വെടിവയ്പില്‍ 28കാരന് ജീവന്‍ നഷ്ടമായത്. വീട്ടില്‍ അതിക്രമിച്ച് കയറിയ ആളെന്ന് തെറ്റിധരിച്ചായിരുന്നു വെടിവച്ചതെന്നാണ് ദാരുണ സംഭവത്തേക്കുറിച്ച് പൊലീസ് പ്രതികരിക്കുന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ജോ ഫ്രാസര്‍ എന്ന 28കാരനാണ് സിന്‍സിനാറ്റിയില്‍ നിന്ന് 12 മൈല്‍ അകലെയുള്ള നഗരത്തില്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് ജോയ്ക്ക് വെടിയേല്‍ക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ജോ മരണത്തിന് കീഴടങ്ങുന്നത്.
അടുത്ത കെട്ടിടത്തില്‍ കള്ളന്മാര്‍ കയറിയെന്ന 911 സന്ദേശത്തേ തുടര്‍ന്ന് നടന്ന പരിശോധനയ്ക്ക് പിന്നാലെയായിരുന്നു വെടിവയ്പ് നടന്നത്. വ്യോമിംഗ് പൊലീസാണ് വെടിവച്ചത്. അടുത്ത കെട്ടിടത്തിലേക്ക് മൂന്നുപേര്‍ അതിക്രമിച്ച് കടക്കുന്നുവെന്നായിരുന്നു പൊലീസിന് കിട്ടിയ സന്ദേശം. ഏറെക്കാലമായി ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടമാണെന്നും സന്ദേശം നല്‍കിയയാള്‍ പൊലീസിനോട് വിശദമാക്കിയിരുന്നു. ജോ ഫ്രാസറേയും പിതാവിനേയുമാണ് സ്ഥലത്ത് എത്തിയ പൊലീസ് കണ്ടത്.
വീടിന് സമീപത്തുണ്ടായിരുന്ന മിനി വാനില്‍ ഇരിക്കുകയായിരുന്നു ഇരുവരും. പുറത്തിറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ പുറത്തിറങ്ങിയില്ല. പിന്നാലെ വാഹനം വേഗത്തില്‍ ഓടിച്ച് പോവാനും ശ്രമിച്ചു. ഇതിനിടെ മിനിവാന്‍ ഒറു മരത്തിലിടിച്ചു. ഉദ്യോഗസ്ഥരെ ഇടിക്കുമെന്ന നില വന്നതോടെയാണ് ആയുധം പ്രയോഗിച്ചതെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് നല്‍കുന്ന വിശദീകരണം.
എന്നാല്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയില്ലെന്നും മുത്തശ്ശിയുടെ വീട് വൃത്തിയാക്കുകയായിരുന്നു പിതാവ് ചെയ്തതെന്നുമാണ് ജോയുടെ കുടുംബം വിശദമാക്കുന്നത്. വാഹനത്തില്‍ നിന്ന് ഇറങ്ങാനോ മറ്റ് നിര്‍ദ്ദേശങ്ങളോ ജോയ്ക്ക് നല്‍കിയില്ലെന്നും പൊലീസ് കാരണമില്ലാതെ വെടിയുതിര്‍ത്തുവെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. പത്ത് റൌണ്ടോളം വെടി പൊലീസുകാര്‍ ഉതിര്‍ത്തുവെന്നുമാണ് വീട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസുകാരുടെ ബോഡി ക്യാം ദൃശ്യങ്ങള്‍ അടക്കമുള്ള പരിശോധനകള്‍ നടക്കുകയാണ്. ജോയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പുറത്ത് വന്നിട്ടില്ല.