മിന്നലേറ്റ ഉടൻ തന്നെ സിപിആർ അടക്കമുള്ള ചികിത്സ ലഭ്യമാക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഫ്ലോറിഡ: മധുവിധു ആഘോഷത്തിന് ബീച്ചിലെത്തിയ 29കാരന് മിന്നലേറ്റ് ദാരുണാന്ത്യം. അമേരിക്കയിലെ ഫ്ലോറിഡയിലെ പ്രമുഖ ബീച്ചിൽ വച്ചാണ് 29കാരന് മിന്നലേറ്റത്. കൊളറാഡോ സ്വദേശികളായ നവദമ്പതികളാണ് ഹണിമൂൺ ആഘോഷത്തിനായി ഫ്ലോറിഡയിലെത്തിയത്. മിന്നലേറ്റ ഉടൻ തന്നെ സിപിആർ അടക്കമുള്ള ചികിത്സ ലഭ്യമാക്കിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂ സ്മിർനാ ബീച്ചിൽ വച്ചാണ് അപകടമുണ്ടായത്. യുവാവിന് മാത്രമല്ല മിന്നലേറ്റതെന്നും സമീപത്തെ ഗോൾഫ് കോഴ്സിലുണ്ടായിരുന്ന രണ്ട് പേർക്കും മിന്നലേറ്റിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇവർക്ക് പരിക്കുകളുണ്ടെങ്കിലും ആരോഗ്യ നിലയിൽ ആശങ്കയില്ലെന്നാണ് പൊലീസ് വിശദമാക്കിയത്. ജേക്ക് റോസെൻക്രാൻസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രകൃതിക്ഷോഭം ഉണ്ടായിരുന്നെങ്കിലും തെളിഞ്ഞ ആകാശമുണ്ടായിരുന്നതിനാൽ നിരവധി പേ‍ർ ബീച്ചിലുണ്ടായിരുന്ന സമയത്താണ് ഇടിമിന്നലുണ്ടായത്.

ഇടിമിന്നൽ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

ജനലും വാതിലും അടച്ചിടുക.

ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

കഴിയുന്നത്ര വീടിനകത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

പട്ടം പറത്തുവാൻ പാടില്ല.

തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം