ലണ്ടന്‍: സ്കോട്ട്ലാന്‍റ് നഗരമായ ഗ്ലാസ്കോയില്‍ നടന്ന കഠാര ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. അക്രമകാരിയെ സ്കോട്ടിഷ് പൊലീസ് വെടിവച്ചിട്ടുവെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ ഗ്ലാസ്കോയിലെ വെസ്റ്റ് ജോര്‍ജ് സ്ട്രീറ്റിലാണ് സംഭവം അരങ്ങേറിയത് എന്നാണ് ഗ്രേറ്റര്‍ ഗ്ലാസ്കോ പൊലീസ് പറയുന്നത്.

ഹോട്ടലിന്‍റെ കോണപ്പടിയില്‍ വച്ചാണ് ആക്രമകാരി കഠാര ആക്രമണം നടത്തിയത്. തുടര്‍ന്ന സ്ഥലത്ത് എത്തിയ പൊലീസ് അക്രമകാരിയെ വെടിവച്ച് വീഴ്ത്തുകയായിരുന്നു- ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സ്കൈ ന്യൂസിനോട് സംസാരിച്ച ഒരു ദൃസാക്ഷി സംഭവം വിവരിച്ചത് ഇങ്ങനെ, രക്തത്തില്‍ കുളിച്ച നിരവധിപ്പേരെ സംഭവ സ്ഥലത്ത് നിന്നും അടിയന്തരമായി എമര്‍ജന്‍സി സര്‍വീസുകാര്‍ മാറ്റിയിട്ടുണ്ട്. പ്രദേശിക സമയം 12.15നായിരുന്നു സംഭവം അരങ്ങേറിയത്. ഒരു പൊലീസ് ഓഫീസര്‍ക്കും കുത്തേറ്റുവെന്ന് സ്കോട്ടിഷ് പൊലീസ് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവം ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നും പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ആപത്തും ഇല്ലെന്നും സ്കോട്ടിഷ് പൊലീസ് അറിയിക്കുന്നു. 

കഴിഞ്ഞവാരം ഇംഗ്ലീഷ് ടൌണായ റീഡിങ്ങില്‍ കഠാരയുമായി യുവാവ് പരിഭ്രാന്തി പരത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങളെ ഭീകരവാദ പ്രവര്‍ത്തനമായി കാണുമെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിപ്പ് നല്‍കിയിരുന്നു.