യുഎസ്-ഇറാൻ ധാരണയെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ധനവും രാസവളവുമായി എത്താൻ 34 കപ്പലുകൾ കാത്തിരിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ഡിജിറ്റലായി കരാറിൽ ഒപ്പുവെച്ചെങ്കിലും, ആണവ നിയന്ത്രണങ്ങൾ, ഉപരോധം പിൻവലിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ പൂർണ്ണ സമവായമായിട്ടില്ല.
ടെഹ്റാൻ: യുഎസ് – ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസിൽ നിന്ന് ഇന്ത്യയിലേക്ക് എത്താൻ കാത്ത് 34 കപ്പലുകൾ. ഇന്ധനവും രാസവളവും അടക്കം ഇന്ത്യയിലേക്ക് എത്തിക്കാൻ പുറപ്പെട്ട കപ്പലുകളാണ് അവ. മേഖലയിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ജാഗ്രത തുടരുകയാണ്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ സർക്കാർ നിരീക്ഷിക്കുകയാണ്. ഇന്നലെ ദിഷ എന്ന കപ്പൽ 62370 ടൺ എൽഎൻജിയുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
അമേരിക്കയും ഇറാനും സമാധാന കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യക്തമാക്കി. കരാർ വിശദാംശങ്ങൾ ഇരു രാജ്യങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ജനീവയിൽ വെച്ച് അമേരിക്കയും ഇറാനും കരാറിൽ ഔദ്യോഗികമായി നേരിട്ട് ഒപ്പുവെക്കുമെന്നാണ് വിവരം. അതുവരെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കാനാണ് ഇരു രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്.
യു എസുമായി ഉണ്ടാക്കിയ ധാരണ ഒരു അന്തിമ സമാധാന കരാറല്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്‍റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം, ആണവ നിയന്ത്രണങ്ങൾ, അമേരിക്കൻ ഉപരോധങ്ങൾ ഘട്ടങ്ങളായി പിൻവലിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും പൂർണ്ണമായ സമവായത്തിൽ എത്തിയിട്ടില്ലെന്നാണ് സൂചന. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നു നൽകുന്ന കാര്യത്തിൽ ഇപ്പോഴും ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്.ഈ തർക്കവിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി വരും ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിൽ തുടർചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ട്.
