2500 അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. 2500 അഗ്നിശമന സേനാംഗങ്ങൾ ശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. 3,50,000 ഏക്കർ സ്ഥലം കത്തിപ്പോയി. മനുഷ്യ നിർമിത കാട്ടുതീയാണ് ഇതെന്നും തീയിട്ടെന്ന് സംശയിക്കുന്ന 42കാരൻ പിടിയിലായെന്നും അധികൃതർ അറിയിച്ചു. ഈ വർഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ കാട്ടുതീയാണിത്.
നിരവധി കൗണ്ടികളിലുള്ളവരോട് മാറിത്താമസിക്കാൻ നിർദേശം നൽകി. തീപിടിത്തത്തിൽ 134 കെട്ടിടങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ തണുത്ത താപനിലയും ഈർപ്പമുള്ള വായുവും തീ പടരുന്നത് മന്ദഗതിയിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കാലിഫോർണിയ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഫോറസ്ട്രി ആൻഡ് ഫയർ പ്രൊട്ടക്ഷൻ വിഭാഗം അറിയിച്ചു. സാധ്യമായതെല്ലാം ചെയ്യാൻ പ്രസിഡന്‍റ് ജോ ബൈഡൻ നിർദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
തീപിടിച്ച കാർ ഒരാൾ മലയിടുക്കിലേക്ക് തള്ളിയിട്ടതോടെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് കാട്ടുതീ പടരാൻ തുടങ്ങിയതെന്ന് അധികൃതർ അറിയിച്ചു. തീയണയ്ക്കുന്നതിനിടെ ഒരു അഗ്നിശമന സേനാംഗം മരിച്ചുവെന്ന് യുഎസ് ഫോറസ്റ്റ് സർവീസ് പറഞ്ഞു. സിംഗിൾ എഞ്ചിൻ ടാങ്കർ തകർന്നാണ് അപകടം സംഭവിച്ചത്.
