മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ ആയ 38 ഇന്ത്യക്കാർക്ക് കൂടി മോചനം
മുംബൈ: മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ ആയ 38 ഇന്ത്യക്കാർക്ക് കൂടി മോചനം. മൂന്നു മലയാളികൾ, 22 തമിഴ്നാട് സ്വദേശികളുമടങ്ങുന്ന സംഘമാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഒരു വനിതയും സംഘത്തിൽ ഉണ്ട് . 45 ദിവസം മലയാളികൾക്ക് ജയിലിൽ കഴിയേണ്ടി വന്നു. ഇന്നലെയാണ് എംബസി ഇവരെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് കൊൽക്കത്തയിൽ എത്തും.
അതേസമയം, മ്യാന്മറിൽ സായുധ സംഘം തടവിലാക്കിയ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ കഴിഞ്ഞ പത്തിന് തിരിച്ചെത്തിയിരുന്നു. രണ്ട് മാസം നീണ്ട അനിശ്വിതത്വത്തിന് ശേഷമായിരുന്നു ഇത്. തിരുവനന്തപുരം പാറശാല സ്വദേശിയായ വൈശാഖ് രവീന്ദ്രനാണ് തിരിച്ചെത്തിയത മലയാളി.
ജോലി വാഗ്ദാനം ചെയ്താണ് മലയാളികളടക്കമുള്ളവരെ മ്യാൻമറിലേക്ക് എത്തിച്ചത്. ഒരു ചൈനീസ് കമ്പനിയാണ് ഇവരെ കൊണ്ടുപോയതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഇവരെ തടവിലാക്കിയ സംഘത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മ്യാൻമറിൽ എത്തിച്ച ശേഷം സൈബർ കുറ്റകൃത്യങ്ങൾക്കാണ് ഇവരെ ഉപയോഗിച്ചത്.
Read more: തീവ്രവാദ ധനസഹായം: മ്യാന്‍മാര്‍ ഇനി കരിമ്പട്ടികയില്‍, പാകിസ്ഥാന്‍ രക്ഷപ്പെട്ടു
കഴിഞ്ഞ ഒക്ടോബർ അഞ്ചിന് ഇവരിൽ 13 പേർ മടങ്ങിയെത്തിയിരുന്നു. അന്ന് മടങ്ങിയെത്തിയവരിൽ എല്ലാവരും തമിഴ്നാട് സ്വദേശികളായിരുന്നു. തമിഴ്നാട് പ്രവാസി കാര്യ മന്ത്രി സെഞ്ചി മസ്താനും നോർക്ക റൂട്ട്സ് പ്രതിനിധിയും ഉൾപ്പെടെയുള്ളവർ വിമാനത്താവളത്തിലെത്തി ഇവരെ സ്വീകരിച്ചു. തടവിലാക്കിയ സംഘം ഇവരെ മ്യാൻമർ - തായ്ലന്റ് അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. കാടും പുഴയും കടന്ന് വഞ്ചിയിൽ ഇവർ തായ്ലന്റിലെ മിയോസോട്ട് നഗരത്തിലെത്തുകയായിരുന്നു.
ഇവരെ തായ്ലന്റ് പൊലീസും എമിഗ്രേഷൻ വിഭാഗവും അറസ്റ്റ് ചെയ്തു. യാത്രാരേഖകൾ ഇല്ലാതെ തായ്ലന്റിൽ കഴിഞ്ഞതിന് 26 ദിവസം ഇവർ രാജ്യത്ത് തടവ് ശിക്ഷ അനുഭവിച്ചു. ഇതിനിടയിൽ ഇവർ വാട്സ്ആപ്പിലൂടെ ഇന്ത്യയിലുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നു. വൈശാഖ് രവിന്ദ്രന് ടിക്കറ്റ് ലഭ്യമാക്കിയത് കേരള സർക്കാരാണ്. ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇവർ കേരളത്തിലേക്ക് തിരിച്ചു. കന്യാകുമാരി മധുര തെങ്കാശി ഭാഗത്തുള്ളവരായിരുന്നു മറ്റുള്ളവർ.
