2021 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സര്‍ക്കാറിനെ സൈന്യം പുറത്താക്കിയതു മുതൽ മ്യാന്‍മാറില്‍ അഭ്യാന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്. 

പാരീസ്: മ്യാൻമർ സര്‍ക്കാറിന് വന്‍ തിരിച്ചടിയായി ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് മ്യാന്‍മാറിനെ കരിമ്പട്ടികയില്‍പ്പെടുത്തി. ഇതോടെ ഇറാനും ഉത്തരകൊറിയയ്ക്കുമൊപ്പം തീവ്രവാദത്തിന് ധനസഹായം നൽകുന്നതിന്‍റെ പേരിൽ മ്യാൻമറിനെ അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷണ ഏജന്‍സി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി.

1989-ൽ ഗ്രൂപ്പ് ഓഫ് സെവൻ അഡ്വാൻസ്ഡ് എക്കണോമിയാണ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. തുടക്കത്തിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരെ. അതിനുശേഷം ഭീകരർക്ക് ധനസഹായം നൽകുന്നതിനും കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനത്തിനും സഹായകമാകുന്ന ലോക രാജ്യങ്ങളെ അടക്കം എഫ്എടിഎഫ് നിരീക്ഷിക്കാന്‍ തുടങ്ങി.

മ്യാൻമറിനെ ഉടൻ കരിമ്പട്ടികയിൽ പെടുത്തണമെന്നും അംഗരാജ്യങ്ങളുടെ കൂടുതൽ ജാഗ്രത പാലിക്കണമെന്നും എഫ്എടിഎഫ് ശുപാർശ ചെയ്തിട്ടുണ്ട്. മ്യാൻമറിലെ കാസിനോകൾ, അതിർത്തിയിലെ അനധികൃത വ്യാപാരം എന്നിവയെക്കുറിച്ചുള്ള ആശങ്കകളിൽ നിന്നാണ് ഇത്തരം ഒരു തീരുമാനം എന്നാണ് ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എഫ്എടിഎഫ് പറയുന്നത്. 

2021 ഫെബ്രുവരിയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സര്‍ക്കാറിനെ സൈന്യം പുറത്താക്കിയതു മുതൽ മ്യാന്‍മാറില്‍ അഭ്യാന്തര പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഇവിടുത്തെ പ്രശ്നങ്ങളില്‍ രാജ്യാന്തര ക്രിമിനൽ പ്രവർത്തനങ്ങളും, സിന്തറ്റിക് മയക്കുമരുന്നുകളുടെ കയറ്റുമതിയും, ഓൺലൈൻ ചൂതാട്ടവും ഉൾപ്പെടുന്നുവെന്നാണ് എഫ്എടിഎഫ് പറയുന്നത്. ഇതിനെല്ലാം സൈനിക ഭരണകൂടത്തിന്‍റെ നേരിട്ടുള്ളതോ പരോക്ഷമായതോ ആയ പിന്തുണയും ഉണ്ട്.

അതേ സമയം വെള്ളിയാഴ്ച പാകിസ്ഥാനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും ഒഴിവാക്കി. പാകിസ്ഥാന്‍ തങ്ങളുടെ സാമ്പത്തിക രംഗത്തെ തന്ത്രപ്രധാന പോരായ്മകൾ പരിഹരിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ നന്നായി നടപ്പിലാക്കുന്നു എന്ന് വിലയിരുത്തിയാണ് ഈ നീക്കം എന്നാണ് എഫ്എടിഎഫ് വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

അതേ സമയം കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടതോടെ മ്യാന്‍മാറുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ ബാങ്കുകൾ കൂടുതൽ ജാഗ്രതാ പുലര്‍ത്തും. "രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയും, ഭരണവും കൈയ്യാളുന്ന മ്യാന്‍മാര്‍ സൈന്യത്തിന്‍റെ വിശ്വാസ്യതയാണ് ഇതിലൂടെ ഇല്ലാതായത്.സൈനിക ജനറൽമാർ മ്യാന്‍മാര്‍ സെൻട്രൽ ബാങ്കിനെ എങ്ങനെ തെറ്റായി കൈകാര്യം ചെയ്യുന്നു എന്നതിന്‍റെ പ്രതിഫലനമാണിത്" ബർമീസ് സാമ്പത്തിക വിശകലന വിദഗ്ധൻ ഈ തിരിച്ചടിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

യുദ്ധത്തടവുകാരെ പരസ്പരം കൈമാറി റഷ്യയും യുക്രൈനും; ഇവരിൽ 108 സ്ത്രീകളും

കൊഴിഞ്ഞാമ്പാറയിൽ KSRTC ഡ്രൈവറെ മർദ്ദിച്ച സംഭവം; യുവാക്കള്‍ പ്രദേശവാസികളാണെന്ന് പൊലീസ്; പ്രതികള്‍ ഒളിവില്‍