Asianet News MalayalamAsianet News Malayalam

വെല്‍ഡിംഗ്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ; ചൈനീസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടത് 38പേര്‍

സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിംഗ് ഉത്തരവിട്ടു.

38 people were killed and two were injured in a fire at a factory in central China
Author
First Published Nov 23, 2022, 6:52 PM IST

ചൈനീസ് പ്രവിശ്യയായ ഹെനാനിലെ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ 38 പേര്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ചയുണ്ടായ അഗ്നിബാധയില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫാക്ടറിയിലെ വെല്‍ഡിംഗിലുണ്ടായ അനധികൃത ഏച്ചുകെട്ടാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഹെനാന്‍ പ്രവിശ്യയിലെ അന്യാങ് സിറ്റിയിലാണ് അഗ്നിബാധയുണ്ടായത്. തിങ്കളാഴ്ച വൈകീന്ന് 4.22ഓടെയാണ് അഗ്നിബാധ പൊട്ടിപ്പുറപ്പെട്ടതെന്നാണ് അഗ്നിശമന സേനാംഗങ്ങള്‍ വിശദമാക്കുന്നത്. ആറ് മണിക്കൂറോളം പ്രയത്നിച്ച ശേഷം രാത്രി 11 മണിയോടെയാണ് തീ അണയ്ക്കാനായത്.

പരിക്കേറ്റവരുടെ പൊള്ളല്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്നിബാധയ്ക്ക് ഉത്തരവാദികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. ഇലക്ട്രിക് വെല്‍ഡിംഗില്‍ ഫാക്ടറി തൊഴിലാളികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിംഗ് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങളിലെ ചെറിയ വിട്ടുവീഴ്ച പോലും ഗുരുതരമായ അപകടത്തിലേക്ക് നയിച്ചേക്കുമെന്നും പ്രസിഡന്‍റ് പ്രതികരിച്ചു. മെഷീനുകളും, നിര്‍മ്മാണ് സാമഗ്രഹികളും, അപകടകരമല്ലാത്ത കെമിക്കലുകളും, അഗ്നി രക്ഷാ ഉപകരണങ്ങളും, തുണികളുമായിരുന്നു ഈ ഫാക്ടറിയില്‍ ഉല്‍പാദിപ്പിച്ചിരുന്നത്.

സുരക്ഷാ പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി മാനദണ്ഡങ്ങളില്‍ വീഴ്ച ചെയ്യുന്നത് മൂലം അഗ്നിബാധയുണ്ടാകുന്ന സംഭവങ്ങള്‍ ചൈനയില്‍ പതിവാണ്. തിങ്കളാഴ്ച തന്നെ ഷാംഗ്സി പ്രവിശ്യയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ അഗ്നിബാധയുണ്ടായതിന് തൊട്ടുപിന്നാലെയാണ് ഹെനാനിലും അഗ്നിബാധയുണ്ടാവുന്നത്. കറുത്ത പുക അന്തരീക്ഷത്തിലേക്ക് ഉയരുന്നതിന്‍റെയും അഗ്നിബാധയുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  സമീപത്തെ കെട്ടിടങ്ങളിലെ ഗ്ലാസ് നിര്‍മ്മിതികള്‍ കനത്ത ചൂടില്‍ പൊട്ടിത്തെറിക്കുമോയെന്ന ഭീതിയിലാണ് പ്രദേശവാസികളുള്ളത്. കഴിഞ്ഞ വര്‍ഷം ഷിയാനിലുണ്ടായ അഗ്നിബാധയില്‍ 25 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ പൂര്‍ണമായി കത്തിനശിക്കുകയും ചെയ്തിരുന്നു. 2015ലാണ് ചൈനയെ വലച്ച ഫാക്ടറി അഗ്നിബാധയുണ്ടായത്. ഇതില്‍ 105 പേരാണ് കൊല്ലപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios