സിഡ്‌നി: ഓസ്‌ട്രേലിയയിലെ ടാന്‍സാനിയയില്‍ മണല്‍തിട്ടയില്‍ കുടുങ്ങിയ തിമിംഗലങ്ങളില്‍ 380 എണ്ണം ചത്തെന്ന് അധികൃതര്‍. 50 എണ്ണത്തെ രക്ഷപ്പെടുത്തി. കൂടുതല്‍ തിമിംഗലങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് അധികൃതര്‍ പറഞ്ഞു. ദക്ഷിണ ഓസ്‌ട്രേലിയയിലെ മക്ക്വെയര്‍ തുറമുഖത്തിന് സമീപത്തെ ദ്വീപിലാണ് തിമിംഗലങ്ങള്‍ കൂട്ടമായി കുടുങ്ങിയത്. തിമിംഗലങ്ങള്‍ എത്രയെണ്ണം ചത്തു എന്നത് കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും നിലവില്‍ 380 എണ്ണം ചത്തെന്നാണ് കണക്കാക്കുന്നതെന്നും ടാസ്മാനിയ പാര്‍ക്ക് വൈല്‍ഡ് ലൈഫ് മാനേജര്‍ നിക് ഡെക്ക പറഞ്ഞു.

തിങ്കളാഴ്ചയാണ് തിമിംഗലങ്ങള്‍ കൂട്ടത്തോടെ മണല്‍തട്ടിയില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായതിനാലാണ് കൂടുതല്‍ തിമിംഗലങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അധികം തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് രാജ്യത്ത് ആദ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.

60 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കരയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായിരുന്നു തിമിംഗലങ്ങള്‍ കൂട്ടത്തോടെ കുടുങ്ങിയത്. കുറച്ചെണ്ണത്തിനെ ചൊവ്വാഴ്ച രാത്രിയാണ് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവയെ ആഴക്കടലില്‍ വിട്ടയച്ചു. ചത്തവയുടെ ജഡം നീക്കി വൃത്തിയാക്കുമെന്നും അധികൃതര്‍ പറഞ്ഞു.