ലണ്ടന്‍: 39 പേരുടെ മൃതദേഹവുമായി എത്തിയ ഒരു ട്രക്ക് ലണ്ടന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നുമെത്തി എന്നു കരുതുന്ന ട്രക്കിലാണ് ഇത്രയേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്‍റെ ഡ്രൈവറെ ലണ്ടന്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. 

 കിഴക്കന്‍ ലണ്ടനിലെ ഒരു വ്യവസായ പാര്‍ക്കില്‍ നിന്നുമാണ ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. വെയ്ല്‍സ് വഴിയാണ് ട്രക്ക് ബള്‍ഗേറിയയില്‍ നിന്നും ബ്രിട്ടനിലേക്ക് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. നോര്‍ത്ത് അയര്‍ലന്‍ഡ് സ്വദേശിയാണ് ട്രക്കിന്‍റെ ഡ്രൈവര്‍. ഇയാള്‍ക്ക് 25 വയസ് പ്രായമുണ്ടെന്നും പൊലീസ് വിശദീകരിക്കുന്നു. ട്രക്കില്‍ കണ്ടെത്തിയ 39 മൃതദേങ്ങളും ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് എന്നാല്‍ ഇതിനു കുറച്ചേറെ സമയം വേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കരുതുന്നു.

കണ്ടെത്തിയ മൃതദേഹങ്ങളില്‍ 38 എണ്ണവും പ്രായപൂര്‍ത്തിയായവരുടേതാണ്. ഒരു മൃതദേഹം കൗമാരപ്രായത്തിലുള്ള ആളുടേതാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇവിടെ നിന്നും ആളുകളെ ഒഴിപ്പിച്ചു. അഭയാര്‍ത്ഥികളായ ബ്രിട്ടണിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരാവാം ട്രക്കില്‍ വച്ചു കൊലപ്പെട്ടതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.