ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു.

ടാനഗ്ര (ഗ്രീസ്): ഗ്രീസിലെ ടാനഗ്രയിൽ റഫാൽ യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും പകർത്തിയ നാല് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹെല്ലനിക് വ്യോമസേന പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പ്രാദേശിക പോലീസിന് കൈമാറുകയായിരുന്നു.

അതിരൂക്ഷമായ ജാഗ്രതാ നിർദ്ദേശമാണ് ഈ സംഭവത്തെ തുടർന്ന് മേഖലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർ പകർത്തിയ ചിത്രങ്ങളിൽ റഫാൽ യുദ്ധവിമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇവരുടെ പ്രവർത്തനങ്ങൾ സംശയകരമാണെന്നും ചാരവൃത്തിക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഒരു യുവാവും ഉൾപ്പെടെയുള്ള നാല് പേരെയും ആദ്യം ഹെല്ലനിക് എയ്‌റോസ്‌പേസ് ഇൻഡസ്ട്രി (HAI) യുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കണ്ടത്.

പ്രദേശത്ത് നിന്ന് മാറിപ്പോകാൻ ഇവർ ആവശ്യപ്പെട്ടെങ്കിലും, മുന്നറിയിപ്പുകൾ അവഗണിച്ച് സമീപത്തെ ഒരു പാലത്തിലേക്ക് മാറി എച്ച്എഐ കേന്ദ്രങ്ങളുടെയും 114-ആം കോംബാറ്റ് വിംഗിന്‍റെയും ചിത്രങ്ങൾ എടുക്കുന്നത് ഇവർ തുടർന്നു. ഇതിനെ തുടർന്ന് 114-ആം കോംബാറ്റ് വിംഗിന്‍റെ വ്യോമസേന പൊലീസിനെ (Aeronomia) ഉടൻ വിവരമറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി ഇവരെ കണ്ടെത്തുകയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് ചൈനീസ് പൗരന്മാരെ പ്രാദേശിക പൊലീസിന് കൈമാറുകയും ടാനഗ്ര സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

പ്രാരംഭ വിവരങ്ങൾ അനുസരിച്ച്, ഇവരുടെ കൈവശം പ്രദേശത്തുനിന്നുള്ള ധാരാളം ഫോട്ടോകളും ദൃശ്യങ്ങളും ഉണ്ടായിരുന്നു. കേസ് അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്, ശേഖരിച്ച തെളിവുകൾ ബന്ധപ്പെട്ട സുരക്ഷാ സേവനങ്ങൾ വിലയിരുത്തി വരികയാണ്. ഇന്ത്യയും ഗ്രീസും തമ്മിൽ ശക്തമായ സൈനിക ബന്ധമാണുള്ളത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം തരംഗ് ശക്തിയിലും ഈ വർഷം INIOCHOS 25 ലും ഉൾപ്പെടെ നിരവധി വ്യോമ-നാവിക അഭ്യാസങ്ങളിൽ ഗ്രീസ് ഇന്ത്യയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേന റഫാൽ യുദ്ധവിമാനങ്ങൾ തങ്ങളുടെ ഓപ്പറേഷനുകളിൽ ഉപയോഗിക്കുന്നുണ്ട്. അടുത്തിടെ നടന്ന ഓപ്പറേഷൻ സിന്ദൂർ, റഫാൽ ജെറ്റുകളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഫ്രാൻസിന്‍റെ അവകാശവാദമനുസരിച്ച്, റഫാൽ ജെറ്റുകളുടെ പ്രകടനം തകർക്കാൻ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രീസിൽ അറസ്റ്റിലായ ചൈനീസ് പൗരന്മാർ റഫാൽ ജെറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു എന്നതും ശ്രദ്ധേയമാണ്.