പുൽപള്ളിയിൽ കാട്ട്നായ്ക്കൾ വളർത്തുപൂച്ചയെ കൊന്നു. ആറ് കാട്ട്നായ്ക്കൾ ചേർന്ന് പൂച്ചയെ ആക്രമിക്കുകയായിരുന്നു. കാട്ട്നായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്.

കൽപ്പറ്റ: പുൽപള്ളി സീതാമൗണ്ട് പറുദീസക്കവലയില്‍ കാട്ട്നായ്ക്കൾ വളര്‍ത്തുപൂച്ചയെ കൊന്നു. പറുദീസക്കവലയിലെ ഇളയച്ചിലാല്‍ ടോമിയുടെ എട്ട് മാസം പ്രായമുള്ള പേര്‍ഷ്യന്‍ ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് കൊന്നത്. വ്യാഴാഴ്ച രാവിലെ 8.50ഓടെയാണ് സംഭവം. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന പൂച്ചയെ പുറത്തേക്ക് വിട്ടസമയത്താണ്, വീടിന്‍റെ കാര്‍പോര്‍ച്ചില്‍വെച്ച് ആറ് കാട്ട്നായ്ക്കൾ ചേര്‍ന്ന് ആക്രമിച്ച് കൊന്നത്.

ബഹളംകേട്ട് വീട്ടുകാരെത്തി ഒച്ചയിട്ടതോടെ കാട്ടുനായ്ക്കൾ പൂച്ചയുടെ ജഡം വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നകളയുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും കാട്ട്നായ്ക്കൾ വീടിന് സമീപം വീണ്ടും എത്തിയെങ്കിലും വീട്ടുകാര്‍ ബഹളംവെച്ച് തുരത്തിയോടിക്കുകയായിരുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

16,000 രൂപ കൊടുത്ത് വാങ്ങിയ പൂച്ചയാണിത്. ഈ പ്രദേശത്ത് കാട്ടുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സമീപപ്രദേശമായ ഐശ്വര്യക്കവലയില്‍ രണ്ടാഴ്ച മുമ്പ് കുറുപ്പംചേരി ഷാജുവിന്‍റെ വീട്ടുമുറ്റത്തെ കൂട്ടില്‍കെട്ടിയിരുന്ന രണ്ട് ആടുകളെ കാട്ടുനായകൾ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കര്‍ണാടകാതിര്‍ത്തി വനമേഖലയില്‍ നിന്നും കൂട്ടമായെത്തുന്ന ഇവയുടെ ശല്യംമൂലം കൃഷിയിടത്തിലിറങ്ങാന്‍പോലും കഴിയുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.