ഫിലിപ്പീന്‍സ്: ഫിലിപ്പീന്‍സിന്റെ തീരത്തടിഞ്ഞ ചത്ത തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും 40 കിലോ പ്ലാസ്റ്റിക്ക് കണ്ടെടുത്തു. തിമിംഗലത്തെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് ഇത്രയേറെ പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് പൂര്‍ണവളര്‍ച്ചയെത്തിയിട്ടില്ലാത്ത കുട്ടിത്തിമിംഗലം കരയ്ക്കടിഞ്ഞത്. ആമാശയത്തില്‍ ദിവസങ്ങളോളം ദഹിക്കാതെ അവശേഷിച്ച പ്ലാസ്റ്റിക്ക് തന്നെയാണ്  അതിന്റെ മരണത്തിനിടയാക്കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

ഇതാദ്യമായാണ് ഒരു സമുദ്രജീവിയുടെ വയറ്റില്‍ നിന്നും ഇത്രയേറെ പ്ലാസ്റ്റിക്ക് മാലിന്യം കണ്ടെടുക്കുന്നത്. കടലിലേക്ക് പുറന്തള്ളുന്ന എണ്ണമറ്റ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഭീകരമുഖമാണ് ഇത് വെളിവാക്കുന്നത്. ഫിലിപ്പീന്‍സിലെ ഡിബോണ്‍ കളക്ടര്‍ മ്യൂസിയം അധിക്യതര്‍ ഫേസ്ബുക്കിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

കൂടുതലും പ്ലാസ്റ്റിക്ക്‌ ക്യാരിബാഗുകളാണ് തിമിംഗലത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചത്. ഇതില്‍ 16 പ്ലാസ്റ്റിക്ക് അരിച്ചാക്കുകളും ഉള്‍പ്പെടുന്നു. മറ്റു പ്ലാസ്റ്റിക്ക്‌ ഇനങ്ങള്‍ തരംതിരിച്ചു വരികയാണ്. 

കാലങ്ങളായി അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യം തിമിംഗലത്തിന്റെ വയറ്റില്‍ രാസമാറ്റങ്ങള്‍ക്ക് വിധേയമായി തുടങ്ങിയിരുന്നു. പ്ലാസ്റ്റിക്ക് തന്മാത്രകള്‍ ഉരുകി, പരസ്പരം വേര്‍പ്പെടുത്താനാകാത്ത വിധം ഇഴചേര്‍ന്ന് കഠിനമാകുന്ന ഈ പ്രക്രിയ കാല്‍സിഫിക്കേഷന്‍ എന്നാണ് അറിയപ്പെടുന്നത്. അതികഠിനമായ വേദനയിലൂടെയായിരിക്കും തിമിംഗലം കടന്നുപോയിട്ടുണ്ടാവുക എന്ന് വിദഗ്ദര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ തായ്‌ലാന്‍ഡില്‍ 80 പ്ലാസ്റ്റിക്ക് ബാഗുകള്‍ വിഴുങ്ങിയ നിലയില്‍ ഒരു തിമിംഗലം തീരത്തടിഞ്ഞിരുന്നു. ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ചാണ്‌ സമുദ്രജീവികള്‍ പ്ലാസ്റ്റിക്ക് അകത്താക്കുന്നത്. ഉപദ്രവകാരികളല്ലാത്ത ഡോള്‍ഫിനുകളും തിമിംഗലങ്ങളുമാണ് ഇതിന് ഏറ്റവുമധികം ഇരയാകുന്നത്. പോയവര്‍ഷം ഫിലിപ്പീന്‍സില്‍ മാത്രം 57 ഡോള്‍ഫിനുകള്‍ ചത്തത് പ്ലാസ്റ്റിക്ക് വിഴുങ്ങിയിട്ടാണെന്ന് കണ്ടെത്തിയിരുന്നു.

സമുദ്രത്തിലേക്ക് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ 60 ശതമാനവും ചൈന, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളാണ് ഇതില്‍ മുന്നില്‍. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യം മൂന്നിരട്ടിയാകുമെന്ന് ഇംഗ്ലണ്ട് ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തിമിംഗലം കരയ്ക്കടിഞ്ഞത്.