മറ്റ് അഭയാർത്ഥി അപേക്ഷകൾ നിർത്തി വച്ച ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വെളുത്ത വർഗക്കാരുടെ അഭയാർത്ഥി അപേക്ഷകൾ ട്രംപ് ഭരണകൂടം പരിഗണിച്ചതെന്നും ശ്രദ്ധയമായ കാര്യം

ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കൻ സ്വദേശികളായ 49 വെളുത്ത വർഗക്കാർക്ക് അഭയാർത്ഥി പദവി നൽകി ട്രംപ്. ഞായറാഴ്ച അമേരിക്കയിലേക്ക് സ്വകാര്യ ചാർട്ടർ വിമാനത്തിൽ യാത്ര തിരിച്ച 49 വെളുത്ത വർഗക്കാർക്കാണ് ട്രംപ് ഭരണകൂടം ഫെബ്രുവരിയിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കീഴിൽ അഭയാർത്ഥി പദവി നൽകിയത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന 49അംഗ സംഘം വാഷിംഗ്ടണിന് സമീപത്തെ ഡല്ലേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് എത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെളുത്ത വർഗക്കാരിലെ ആദ്യ സംഘമാണ് ഈ 49പേർ. ദക്ഷിണാഫ്രിക്കൻ സർക്കാരിൽ നിന്ന് വംശവെറി നേരിട്ടവരാണ് ഈ സംഘമെന്നാണ് ട്രംപ് വിശദമാക്കുന്നത്. ഇതിനാലാണ് ഇവർക്ക് അമേരിക്കയിലേക്ക് എത്താനുള്ള അവസരമൊരുക്കുന്നതെന്ന് ട്രംപ് നേരത്തെ വിശദമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയിൽ ആദ്യമായി എത്തിയ ഡച്ച് കുടിയേറ്റക്കാരിൽ നിന്നുള്ള വംശീയ വിഭാഗക്കാരിൽ നിന്നുള്ളവരാണ് ഇവർ. 

എന്നാൽ ഇവർക്ക് വംശീയ ആക്രമണം നേരിട്ടുവെന്നത് തികച്ചും തെറ്റായ ആരോപണമെന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ വിശദമാക്കുന്നത്. മറ്റ് അഭയാർത്ഥി അപേക്ഷകൾ നിർത്തി വച്ച ശേഷമാണ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വെളുത്ത വർഗക്കാരുടെ അഭയാർത്ഥി അപേക്ഷകൾ ട്രംപ് ഭരണകൂടം പരിഗണിച്ചതെന്നും ശ്രദ്ധയമായ കാര്യമാണ്. അഫ്ഗാനിസ്ഥാൻ, ഇറാഖ് അടക്കമുള്ള മറ്റ് അഭയാർത്ഥി അപേക്ഷകർ ട്രംപിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. യുദ്ധം ഛിന്നഭിന്നമാക്കിയ രാജ്യങ്ങളിൽ നിന്നുള്ള ആളുകളേക്കാൾ പരിഗണന ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വെളുത്ത വർഗക്കാർക്ക് ലഭിക്കുന്നതിനെതിരെയാണ് ഇത്. അഭയാർത്ഥി പദവി ലഭിക്കാൻ സാധാരണ നിലയിൽ അമേരിക്കയിൽ വർഷങ്ങൾ വേണ്ടി വരുമെന്നിരിക്കേയാണ് വെളുത്ത വർഗക്കാർക്ക് വേണ്ടിയുള്ള ഫാസ്റ്റ്ട്രാക്ക് ഇടപെടൽ. 

എന്നാൽ ദക്ഷിണാഫ്രിക്കയിലെ ആദ്യകാല കുടിയേറ്റക്കാരായ വെളുത്ത വർഗക്കാർക്കെതിരെയാണ് രാജ്യത്തെ നിയമങ്ങൾ എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ഭൂ നിയമം അടക്കമുള്ളവ ദക്ഷിണാഫ്രിക്കയിലെ വെളുത്ത വർഗക്കാർക്കെതിരെയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ ട്രംപിന്റെ ആരോപണങ്ങൾ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ. രാജ്യത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ളവരാണ് നിലവിൽ അമേരിക്കയിലേക്ക് കുടിയേറുന്നവരെന്നാണ് ദക്ഷിണാഫ്രിക്കൻ സർക്കാർ ആരോപിക്കുന്നത്. 

ഓഖ്ലഹോമ ആസ്ഥാനമായുള്ള ടുൾസയുടെ ചാർട്ടേഡ് വിമാനങ്ങളിലാണ് വെളുത്ത വർഗക്കാരായ കുടിയേറ്റക്കാരുടെ ആദ്യ സംഘം എത്തുക. ജൊഹനാസ്ബെർഗിൽ നിന്ന് പൊലീസ് അകമ്പടിയിലാണ് ഇവർ വിമാനത്താവളത്തിലേക്ക് എത്തിയത്. ഒരു തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലത്തിലുള്ളവരല്ല അമേരിക്കയിലേക്ക് പുറപ്പെടുന്നവരെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. നിലവിലെ ഈ അഭയാർത്ഥി പലായനത്തിന് ഒരു ന്യായീകരണവുമില്ലെന്നാണ് ദക്ഷിണാഫ്രിക്ക വിശദമാക്കുന്നത്. തെരഞ്ഞെടുപ്പിനുള്ള അവകാശമുള്ളതിനാൽ എവിടെ ജീവിക്കണമെന്ന് അവരുടെ തീരുമാനമാണെന്നും അതിനാൽ തടയില്ലെന്നും ദക്ഷിണാഫ്രിക്ക വിശദമാക്കുന്നത്. 

വലിയ രീതിയിലെ അഭയാർത്ഥി പ്രവാഹത്തിന്റെ ആദ്യ സൂചനയാണ് നിലവിലെ 49 വെളുത്ത വർഗക്കാരായ അഭയാർത്ഥികളെന്നാണ് മാധ്യമ വാർത്തകൾ. ഇവർക്ക് വീടുകളും ഫർണിച്ചറുകളും ഗ്രോസറി സാധനങ്ങളും പച്ചക്കറിയും വസ്ത്രങ്ങളും അടക്കമുള്ള സഹായങ്ങളും അമേരിക്കയിൽ ഒരുങ്ങിയിട്ടുണ്ട്. 62 ദശലക്ഷം ദക്ഷിണാഫ്രിക്കക്കാരിൽ 2.7 ദശലക്ഷമാണ് വെളുത്ത വർഗക്കാർ. 80 ശതമാനം പൌരന്മാരും കറുത്ത വർഗക്കാരാണ്. എന്നാൽ ക്യാബിനറ്റ് മന്ത്രിമാർ അടക്കം ഉയർന്ന പദവികളും വ്യാപാര പ്രമുഖരുമാണ് ദക്ഷിണാഫ്രിക്കയിൽ വെളുത്ത വർഗക്കാർ. ഔദ്യോഗിക ഭാഷ അടക്കം വെളുത്ത വർഗക്കാരുടേതാണ് എന്നിരിക്കെയാണ് വംശ വെറിയെന്ന് വ്യക്തമാക്കിയുള്ള ട്രംപിന്റെ അടിയന്തര ഇടപെടൽ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം