Asianet News MalayalamAsianet News Malayalam

താലിബാൻ ആക്രമണം: അഫ്ഗാനിൽ നിന്ന് 50 നയതന്ത്ര ഉദ്യോഗസ്ഥരെ നാട്ടിലെത്തിച്ച് ഇന്ത്യ

താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. ഖാണ്ഡഹാറിലെ ഇന്ത്യൻ കോൺസുലേറ്റ് അടച്ചു. അഫ്ഗാന്‍റെ 85 ശതമാനം പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

50 indian officials evacuated from Afghanistan as taliban attack intensifies
Author
Kabul, First Published Jul 11, 2021, 10:53 AM IST

കാബൂൾ: അഫ്ഗാനിൽ താലിബാനുമായുള്ള ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളവേ 50 നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് സ്റ്റാഫുകളെയും തിരികെ നാട്ടിലേക്ക് എത്തിച്ച് ഇന്ത്യ. താലിബാൻ ഭീകരരുടെ ആക്രമണം ശക്തമായതിന് പിന്നാലെയാണ് നടപടി. അഫ്ഗാന്‍റെ 85 ശതമാനം പ്രവിശ്യകളും താലിബാന്‍റെ നിയന്ത്രണത്തിലായി എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോൾ താലിബാന്‍റെ പക്കലാണ്. താലിബാൻ തീവ്രവാദികൾ അതിവേഗത്തിലാണ് ഈ മേഖലകളിൽ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ കാബൂൾ വീഴാൻ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.

ചൊവ്വാഴ്ച വരെയും കാബൂളിലെയും മസർ - ഇ - ഷെരീഫിലെയും ഇന്ത്യൻ എംബസികൾ അടയ്ക്കില്ലെന്ന് തന്നെയാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നത്. എന്നാൽ, പിന്നീട് സാഹചര്യം തീരെ വഷളായ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ തിരികെ എത്തിക്കാൻ തീരുമാനമായത്. 

അഫ്ഗാനിൽ കഴിയുന്ന എല്ലാ ഇന്ത്യക്കാരോടും അതീവ ജാഗ്രതയോടെ തുടരണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും നേരത്തേ എംബസി നിർദേശം പുറത്തിറക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലും ആക്രമണങ്ങളും ഉണ്ടായേക്കാമെന്നും, ജാഗ്രത വേണമെന്നും എംബസി വ്യക്തമാക്കിയിരുന്നു. 

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കയുടേത് അടക്കമുള്ള വിദേശ സേനകളുടെ പിന്മാറ്റം ഏതാണ്ട് പൂർണമായതിന് പിന്നാലെയാണ് താലിബാൻ കൂടുതൽ മേഖലകൾ പിടിച്ചടക്കാൻ തുടങ്ങിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സൈനികസാന്നിധ്യമാണ് അഫ്ഗാനിൽ നിന്ന് പിൻവലിക്കാൻ സഖ്യസേന തീരുമാനിച്ചത്.ട

എംബസികൾ അടച്ചിട്ടില്ല

അഫ്ഗാനിലെ എംബസികൾ അടച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജീവനക്കാരെ തിരികെ എത്തിച്ചത് താൽക്കാലിക നടപടി മാത്രമാണ്. പ്രാദേശിക ജീവനക്കാരെ ഉപയോഗിച്ച് കോൺസുലേറ്റ് പ്രവർത്തനം തുടരുമെന്നും വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios