ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി ഇന്ത്യക്ക് തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ നിലവിലുള്ള 50% തീരുവയ്ക്ക് പുറമെയാണിത്. 

ദില്ലി: ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റ പ്രസ്താവന ഇന്ത്യക്കും തലവേദന. നിലവിൽ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ശിക്ഷയായി 50 ശതമാനം തീരുവയാണ് യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയത്. പുറമെയാണ് പുതിയ ഭീഷണി. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ചൈനയാണെങ്കിലും ഇന്ത്യയും ഇറാനുമായി വാണിജ്യ ബന്ധം സൂക്ഷിക്കുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്കും ഇറാനുമായി ബന്ധമുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്തു. 0.44 ബില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതിയും ചെയ്തു. ഇത് മൊത്തം വ്യാപാരം 1.68 ബില്യൺ ഡോളറാണ് (ഏകദേശം 14,000 - 15,000 കോടി രൂപ) ഇറാനുമായുള്ള വാണിജ്യ ബന്ധം. 

ട്രേഡിംഗ് ഇക്കണോമിക്സിന്റെ റിപ്പോർട്ട് പ്രകാരം, ഇവയിൽ ഏറ്റവും വലിയ പങ്ക് 512.92 മില്യൺ ഡോളർ വിലമതിക്കുന്ന ജൈവ രാസവസ്തുക്കളുടെ വ്യാപാരമാണ്. പഴങ്ങൾ, പരിപ്പ്, സിട്രസ് പഴങ്ങളുടെ തൊലികൾ, തണ്ണിമത്തൻ എന്നിവയാണ് മറ്റ് ഉൽപ്പന്നങ്ങൾ. ധാതു ഇന്ധനങ്ങൾ, എണ്ണകൾ തുടങ്ങിയവയും ഉൾപ്പെടുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഇതിനകം 50 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തിയിട്ടുണ്ട്. ഇറാൻ താരിഫ് കൂടി അമേരിക്ക നടപ്പാക്കിയാൽ ഇന്ത്യക്ക് മേൽ 75 ശതമാനം തീരുവയാകും. ഇത് ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ സങ്കീർണമാക്കിയേക്കാം. അതേസമയം, ഇരുരാജ്യങ്ങളും താരിഫ് ഇളവ് നൽകുന്ന ഒരു കരാറിന് അന്തിമരൂപം നൽകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന വാർത്തകളും പുറത്തുവന്നു.

അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ ട്രംപിന്‍റെ തീരുവ പ്രഖ്യാപനം. അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെങ്കിലും ചർച്ചകൾക്കും സന്നദ്ധമാണെന്നാണ് ഇറാന്‍റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ച‍ർച്ചകളെന്നാണും ഇറാൻ വ്യക്തമാക്കുന്നു. സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടാണ് ഇറാന്‍റെ പ്രതികരണം. ട്രംപിന്‍റെ പ്രസ്താവനകൾ പ്രക്ഷോഭകാരികൾക്ക് പ്രോത്സാഹനമാകുന്നുവെന്നാണ് ആരോപണം. ഇതിനിടെ, ഇറാനിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ദേശീയ ദുഃഖാചരണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. 

സുരക്ഷാ സേനയിലെ നൂറിലേറെ പേർ കൊല്ലപ്പെട്ടനാന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, രാജ്യത്തെ പ്രക്ഷോഭങ്ങളെ തുടർന്നുള്ള സമ്മർദം മറികടക്കാൻ ഇറാനിൽ നീക്കങ്ങൾ സജീവമാണ്. തലസ്ഥാനമായ ടെഹറാനിൽ വൻ ഭരണകൂട അനുകൂല റാലി നടന്നു. റാലിയിൽ 10 ലക്ഷത്തിൽ അധികംപേർ പങ്കെടുത്തതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്ലവിക്കെതിരെയും മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. ടെഹ്റാനിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.പ്രധാന കേന്ദ്രങ്ങളിലും പ്രദേശങ്ങളിലുമായി പൊലീസ് പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇറാനിയൻ പതാകകളുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.