ജമാഅത്ത് ഉൽ മോമിനാത്ത് എന്ന പേരിൽ പുതിയ വനിതാ വിഭാഗം രൂപീകരിച്ച് 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോർട്ട്. മസൂദ് അസ്ഹറിന്റെ സഹോദരി നേതൃത്വം നൽകുന്ന ഈ വിഭാഗം, ഫിദായീൻ ആക്രമണങ്ങൾക്കായി ഓൺലൈൻ പരിശീലനം നൽകുന്നുണ്ടെന്നും സൂചനയുണ്ട്.  

ദില്ലി: ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അടുത്തിടെ രൂപീകരിച്ച ജമാഅത്ത് ഉൽ മോമിനാത്ത് എന്ന വനിതാ വിഭാഗത്തിൽ 5,000-ത്തിലധികം സ്ത്രീകളെ റിക്രൂട്ട് ചെയ്തതായി റിപ്പോര്‍ട്ട്. വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടന്നതായാണ് ജെയ്ഷ് തലവൻ മസൂദ് അവകാശപ്പെടുന്നത്. ഇവരെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അംഗങ്ങളുടെ എണ്ണം വർധിക്കുന്നതിനാൽ ഇനി ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കണമെന്നും ജെയ്ഷ് തലവൻ മസൂദ് അസ്ഹർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.

റിക്രൂട്ട്മെൻ്റ് തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ 5,000-ത്തിലധികം സ്ത്രീകൾ ചേർന്നു എന്നത് ദൈവത്തിൻ്റെ അനുഗ്രഹമാണെന്ന് മസൂദ് അസ്ഹർ തൻ്റെ പോസ്റ്റിൽ പറയുന്നു. "ജില്ലാ യൂണിറ്റുകൾ രൂപീകരിക്കും, എല്ലാ ജില്ലകൾക്കും ഒരു മുൻതസിമ ഉണ്ടാകും, ജോലികൾ വിതരണം ചെയ്യപ്പെടും. കുറഞ്ഞ സമയം കൊണ്ട് 5,000 അംഗങ്ങൾ," അസ്ഹർ കുറിച്ചു. ഒക്‌ടോബർ 8-നാണ് ജെയ്ഷ് ആസ്ഥാനമായ മർകസ് ഉസ്മാൻ-ഒ-അലിയിൽ വെച്ച് ജമാഅത്ത് ഉൽ മോമിനാത്തിലേക്കുള്ള റിക്രൂട്ട്മെൻ്റ് ഡ്രൈവ് ആരംഭിച്ചത്. പാകിസ്ഥാനിലെ ബഹാവൽപൂർ, മുൾട്ടാൻ, സിയാൽകോട്ട്, കറാച്ചി, മുസഫറാബാദ്, കോട്ലി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളെയാണ് പ്രധാനമായും റിക്രൂട്ട് ചെയ്തത്.

മസൂദ് അസ്ഹറിൻ്റെ സഹോദരി സാദിയയാണ് ജമാഅത്ത് ഉൽ മോമിനാത്തിന് നേതൃത്വം നൽകുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട യുസഫ് അസ്ഹറിൻ്റെ ഭാര്യയാണ് സാദിയ. പുൽവാമ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനായിരുന്ന ഉമർ ഫാറൂഖിൻ്റെ ഭാര്യ അഫീറയാണ് ഈ വനിതാ വിഭാഗത്തിലെ മറ്റൊരു പ്രധാന മുഖം. സ്ത്രീകൾക്ക് ഓൺലൈൻ വഴിയാണ് പരിശീലനം നൽകുന്നത്. 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഓരോരുത്തരും 500 രൂപ ഫീസ് നൽകണം. ഐഎസ്, ഹമാസ്, എൽ.ടി.ടി.ഇ. എന്നിവയുടെ മാതൃകയിൽ ഫിദായീൻ ആക്രമണങ്ങൾ നടത്താൻ വനിതാ സ്ക്വാഡുകളെ പരിശീലിപ്പിക്കുകയാണ് ഇവരുടെ പദ്ധതിയെന്നും സൂചനയുണ്ട്.

ഡൽഹി സ്ഫോടനവുമായി ബന്ധം

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന കാർ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ജമാഅത്ത് ഉൽ മോമിനാത്ത് ശ്രദ്ധയിൽപ്പെട്ടത്. ഡൽഹിക്ക് സമീപം ഫരീദാബാദിൽ നിന്ന് വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് അറസ്റ്റിലായ ഡോ. ഷഹീൻ സയീദിന് ജെയ്ഷ് ഭീകരവിഭാഗവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. നേരത്തെ സംഘടന ആരംഭിച്ചപ്പോൾ, വനിതാ വിഭാഗത്തിലെ അംഗങ്ങളെ ജെയ്ഷിൻ്റെ പുരുഷ അംഗങ്ങളെ പരിശീലിപ്പിക്കുന്നത് പോലെ പരിശീലിപ്പിക്കുമെന്ന് അസ്ഹർ പറഞ്ഞിരുന്നു. പുരുഷ അംഗങ്ങൾ 15 ദിവസത്തെ ‘ദൗറ-എ-തർബിയത്ത്’ കോഴ്സിന് വിധേയരാകുന്നത് പോലെ, വനിതാ അംഗങ്ങൾ ‘ദൗറ-എ-തസ്കിയ’ എന്ന ഇൻഡക്ഷൻ കോഴ്സിൽ പങ്കെടുക്കും. ഈ പരിശീലനം മർകസ് ഉസ്മാൻ-ഒ-അലിയിൽ വെച്ചായിരിക്കും നടത്തുക. ഈ ബ്രിഗേഡിൽ ചേരുന്ന സ്ത്രീകൾക്ക് അസ്ഹർ കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഭർത്താവുമായോ അടുത്ത കുടുംബാംഗങ്ങളുമായോ അല്ലാതെ മറ്റ് അന്യപുരുഷന്മാരുമായി ഫോണിലൂടെയോ മെസഞ്ചറിലൂടെയോ സംസാരിക്കാൻ പാടില്ല എന്നതാണ് അതിലൊന്ന്.