ബെയ്ജിംഗ്: ഒരു കവിള്‍ കുടിച്ചാല്‍ മതി... വയറ്റിലേക്ക് ഒരു തീ ഇറങ്ങി പോകുന്നത് പോലെ തോന്നും... എരിഞ്ഞിറങ്ങുന്ന വഴി പോലും കുടിച്ചയാള്‍ക്ക് മനസിലാക്കി കൊടുക്കും. ചൈനീസ് വിപണിയില്‍ തരംഗം തീര്‍ത്ത ക്വയിചൗ മൗട്ടായി എന്ന മദ്യത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

വിലക്കുറവ് കൊണ്ട് വിപണികള്‍ പിടിച്ചതാണ് ലോകം വാഴ്ത്തുന്ന ചൈനീസ് തന്ത്രമെങ്കില്‍ വില കൂടുതല്‍ കൊണ്ട് മദ്യനിര്‍മ്മാണ രംഗത്തെ വമ്പന്മാര്‍ പോലും ക്വയിചൗ മൗട്ടായി എന്ന് കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. 53 ശതമാനം ആല്‍ക്കഹോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചെറുതായെന്ന് ഞെട്ടാം. ഒപ്പം അതിന്‍റെ വില കൂടി കേട്ടാലോ..!  ‘ഒഴുകുന്ന ബ്ളേഡ്’ എന്നും വിളിക്കപ്പെടുന്ന ഈ മദ്യത്തിന്‍റെ 500 മില്ലിക്ക് കൊടുക്കണം  209 യുഎസ് ഡോളർ, അതായത് 15,000 രൂപ.

മദ്യത്തിന്‍റെ കാര്യം പറഞ്ഞു വരുമ്പോള്‍ അതിലെ കൊമ്പന്മാരായ പല മുന്തിയ ഇനം സ്കോച്ചുകള്‍ക്ക് പോലും വിലയില്‍ ക്വയിചൗ മൗട്ടായിയോട് മുട്ടാന്‍ പറ്റില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. ചൈനീസ് വിപണിയില്‍ തരംഗം തീര്‍ത്ത ക്വയിചൗ മൗട്ടായി അതിര്‍ത്തി കടന്ന പല രാജ്യങ്ങളിലേക്കും എത്താന്‍ തുടങ്ങിയിട്ടുണ്ട്.

കൊവിഡ് മൂലം പല കമ്പനികളും പ്രതിസന്ധിയില്‍ ആയപ്പോഴും ക്വയിചൗ മൗട്ടായിക്ക് ഒരു ഇടിവും വിപണിയില്‍ ഉണ്ടായില്ല. ടെക്നോളജി കമ്പനികൾ കഴിഞ്ഞാൽ 42,100 കോടി ഡോളർ വിപണി മൂല്യവുമായി ക്വയിചൗ മൗട്ടായി തലയുയര്‍ത്തി തന്നെ നില്‍ക്കുകയാണ്. 2019ൽ സൂപ്പർ മാർക്കറ്റ് ചെയിൻ കോസ്റ്റ്കോ ചൈനയിൽ ആദ്യത്തെ സ്റ്റോർ തുറന്നപ്പോഴാണ് ക്വയിചൗ മൗട്ടായിയെ കുറിച്ച് പുറത്തറിഞ്ഞ് തുടങ്ങുന്നത്.

സ്റ്റോക്ക് എത്തിയാല്‍ പിന്നെ നിമിഷനേരം കൊണ്ട് വിറ്റുതീരും. ക്വയിചൗ മൗട്ടായി എന്ന കമ്പനി തന്നെയാണ് മദ്യം പുറത്തിറക്കുന്നത്. സര്‍ക്കാരിനും ഈ കമ്പനിയില്‍ ഷെയറുണ്ട്. രാജ്യാന്തര വിപണിയിലും ക്വയിചൗ മൗട്ടായി ലഭിക്കും.

ലിമിറ്റഡ് എഡിഷനില്‍ പുറത്തിറങ്ങുന്ന കുപ്പിക്ക് 40000 ഡോളർ നല്‍കണം, അതയാത് നമ്മുടെ  30 ലക്ഷംരൂപ. കൊവിഡ് എല്ലാ പ്രതീക്ഷയും തകര്‍ത്ത സമയത്ത് ക്വയിചൗ മൗട്ടായി കമ്പനിയുടെ ഓഹരിവില ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ 70% കയറി. ഇങ്ങനെ വിപണിയില്‍ പുതിയ ചരിത്രം കുറിക്കുകയാണ് ക്വയിചൗ മൗട്ടായി.