നദിക്ക് കുറുകെയായി ഉള്ള ഭീമന്‍ പാലം, പഴക്കമുണ്ടെങ്കിലും ഉറപ്പിന് കുറവില്ലാത്ത പാലത്തിന്‍റെ നടുഭാഗം ഒരു ദിവസം കാണാതാകുന്നു

മോസ്കോ: നദിക്ക് കുറുകെയായി ഉള്ള ഭീമന്‍ പാലം, പഴക്കമുണ്ടെങ്കിലും ഉറപ്പിന് കുറവില്ലാത്ത പാലത്തിന്‍റെ നടുഭാഗം ഒരു ദിവസം കാണാതാകുന്നു. എന്നാല്‍ പാലം തകര്‍ന്ന് വീണതിന്‍റെ ഒരു ലക്ഷണവും നദിയിലില്ല. ഇതെന്ത് അത്ഭുതമെന്ന് തോന്നില്ലേ...

അതേ അത്ഭുതത്തിലാണ് റഷ്യയിലെ മാന്‍മാസ്കിലുള്ളവരും. മര്‍മാന്‍സ്കിലുള്ള ഉമ്പാ നദിക്ക് കുറുകെയുള്ള പാലമാണ് കാണാതായിരിക്കുന്നത്. 56 ടണ്‍ ഭാരമുണ്ടാകും ഈ ഭാഗത്തിന്. 75 അടിയോളം നീളം വരും കാണാതായ ഭാഗത്തിന്.

തകര്‍ന്ന് വീണതാകാമെന്ന് കരുതി നടത്തിയ പരിശോധനയില്‍ പാലത്തിന്‍റെ പൊടി പോലും കണ്ടെത്താനായില്ല. പാലത്തിന്‍റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. കൃത്യമായ മുറിച്ചെടുത്തത് പോലെയാണ് പാലത്തിന്‍റെ രണ്ട് ഭാഗങ്ങളും കാണുന്നത്.

സംഭവത്തിന് പിന്നില്‍ മോഷണസംഘമാണെന്നാണ് സംശയിക്കുന്നതെങ്കിലും എങ്ങനെ ഇത്രയും വലിയ ഭാഗം കടത്താന്‍ സാധിക്കുമെന്നാണ് ചോദ്യം. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍.