കുംബ: കാമറൂണില്‍ സ്‌കൂളില്‍ ആയുധവുമായെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ ആറ് കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. ദക്ഷണിപടിഞ്ഞാറന്‍ കാമറൂണിലെ കുംബയിലാണ് ദാരുണമായ സംഭവം. കഴിഞ്ഞ മൂന്ന് വര്‍ഷമായി സര്‍ക്കാറും  വിഘടനവാദികളും തമ്മില്‍ സംഘര്‍ഷമുള്ളതാണ് ഈ പ്രദേശം. ആക്രമണത്തില്‍ എട്ട് കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്ന് മദര്‍ ഫ്രാന്‍സിസ്‌ക ഇന്റര്‍നാഷണല്‍ ബൈലിംഗ്വല്‍ അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു.

പ്രദേശവാസികളായ എട്ട് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്ന രണ്ട് മേഖലയിലുള്ളവര്‍ക്ക് ഫ്രഞ്ച് സംസാരിക്കുന്ന മേഖലയുമായി കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്. ഫ്രഞ്ച് മേഖലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ വിഘടനവാദികള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഏറ്റെടുത്തിട്ടില്ല. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സര്‍ക്കാറും വ്യക്തമാക്കിയിട്ടില്ല.