Asianet News MalayalamAsianet News Malayalam

അമേരിക്കയിൽ വീടിന് നേരെ വെടിവെപ്പ്; ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ആറുപേർ കൊല്ലപ്പെട്ടു

തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ രണ്ട് പേർ വീടിന് നേരെ ആക്രമണം തുടങ്ങി. നിരവധി തവണ വെടിയുതിർത്തു. അയൽക്കാരൻ പോലീസിനെ വിളിച്ച് ഏഴ് മിനിറ്റിനുശേഷം പൊലീസെത്തി. അപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു.

6 killed include Six Month old child in gun attack in USA
Author
First Published Jan 17, 2023, 2:12 PM IST

 കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ വീടിന് നേരെയുണ്ടായ വെടിവെപ്പിൽ ആറുമാസം പ്രായമുള്ള കുഞ്ഞടക്കം ആറുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെയാണ് തോക്കുധാരികൾ വീടിന് നേരെ വെടിയുതിർത്തത്. കൊല്ലപ്പെട്ടവരിൽ കുഞ്ഞിന്റെ അമ്മയായ കൗമാരക്കാരിയും ഉൾപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും മയക്കുമരുന്ന് സംഘത്തിന് കൊലപാതകവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും തുലാരെ കൗണ്ടിയിലെ ഷെരീഫ് മൈക്ക് ബൗഡ്‌റോക്‌സ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭീകരമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച പുലർച്ചെ 3.30 ഓടെ രണ്ട് പേർ വീടിന് നേരെ ആക്രമണം തുടങ്ങി. നിരവധി തവണ വെടിയുതിർത്തു. അയൽക്കാരൻ പോലീസിനെ വിളിച്ച് ഏഴ് മിനിറ്റിനുശേഷം പൊലീസെത്തി. അപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. വീടിനകത്തും പുറത്തും മൃതദേഹങ്ങളാണ് പൊലീസ് കണ്ടത്. കൊല്ലപ്പെട്ടവരിൽ 17 വയസ്സുള്ള  അമ്മയും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ഇരുവർക്കും തലയിലാണ് വെടിയേറ്റതെന്നും പൊലീസ് പറഞ്ഞു. 

കെട്ടിടത്തിനുള്ളിൽ ഒളിച്ചിരുന്നതിനാൽ  രണ്ടുപേർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമണം മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. സംഭവത്തിൽ ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് സംഘവും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കഴിഞ്ഞയാഴ്ച ഈ വീട്ടിൽ നാർക്കോട്ടിക് വിഭാ​ഗം പരിശോധന നടത്തിയിരുന്നു. സാൻ ജോക്വിൻ താഴ്‌വരയിലെ ഏകദേശം 70,000 നിവാസികളുള്ള ഒരു നഗരമാണ് ടുലാരെ. സാൻ ഫ്രാൻസിസ്കോയ്ക്കും ലോസ് ഏഞ്ചൽസിനും ഇടയിലാണ് ഈ ന​ഗരം. 

Follow Us:
Download App:
  • android
  • ios