ലഭ്യമായ തുണികളില്‍ പൊതിഞ്ഞ നവജാത ശിശുക്കളുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്ന അനാഥാലയത്തിലെ ജീവനക്കാരുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി കുട്ടികള്‍ അടിവസ്ത്രം മാത്രം ധരിച്ച് അനാഥാലയത്തിലെ ഹാളില്‍ തളര്‍ന്ന് ഇരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഖാര്‍തൂം: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലെ ഖാര്‍തൂമിലെ അനാഥാലയത്തില്‍ ദാരുണമായി മരണത്തിന് കീഴടങ്ങി 60ഓളം കുട്ടികളും. നവജാതശിശുക്കളടക്കം 60ഓളം കുട്ടികള്‍ ഭക്ഷണവും മതിയായ ചികിത്സയുടെ അഭാവം മൂലവും കൊല്ലപ്പെട്ടെന്നാണ് ദി ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറ് ആഴ്ചയോളം അനാഥാലയത്തില്‍ ഇവര്‍ കുടുങ്ങിപ്പോയതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതില്‍ 26 പേര്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

അനാഥാലയത്തിലെ കുട്ടികളുടെ ദുരവസ്ഥയേക്കുറിച്ച് നിരവധി ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കമുള്ളവരും ആശങ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കലാപത്തിനിടെ കുട്ടികളെ അനാഥാലയത്തില്‍ നിന്ന് പുറത്ത് കൊണ്ട് വരാനോ ചികിത്സിക്കാനോ എന്തിന് ഭക്ഷണം നല്‍കാനോ സാധിക്കാത്ത അവസ്ഥയിലാണ് അധികൃതരുണ്ടായിരുന്നത്. ഖാര്‍തൂമിലെ അല്‍ മെയ്ഖോമ എന്ന അനാഥാലയത്തിലെ അഗതികളാണ് പട്ടിണി കിടന്നും പനി ബാധിച്ചും മരിച്ചത്. മരിച്ചവരില്‍ ഏറിയ പങ്കും പട്ടിണി മൂലമെന്നാണ് റിപ്പോര്‍ട്ട്.

അനാഥാലയത്തിലെ അവസ്ഥ വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിരുന്നു. ലഭ്യമായ തുണികളില്‍ പൊതിഞ്ഞ നവജാത ശിശുക്കളുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്ന അനാഥാലയത്തിലെ ജീവനക്കാരുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി കുട്ടികള്‍ അടിവസ്ത്രം മാത്രം ധരിച്ച് അനാഥാലയത്തിലെ ഹാളില്‍ തളര്‍ന്ന് ഇരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ക്ക് വെള്ളം മാത്രമായിരുന്നു നല്‍കാനുണ്ടായിരുന്നതെന്നും അനാഥാലയത്തിലെ ജീവനക്കാര്‍ വിശദമാക്കിയിരുന്നു. അനാഥാലയത്തിന് സമീപത്ത് ഷെല്ലാക്രമണം നടന്നതിനാല്‍ പൊടിയില്‍ മൂടിയ അന്തരീക്ഷത്തിലാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരണപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളെന്നാണ് അനാഥാലയത്തിലെ ജീവനക്കാര്‍ അന്തര്‍ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

യുഎന്നിന്‍റെയും പ്രാദേശിക സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ ശേഷിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും ഫോര്‍മുലയും എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും യുദ്ധ സമാനമായ ഖാര്‍തൂമിലൂടെ അനാഥാലയത്തിലേക്ക് എത്തുകയെന്നത് കടുത്ത വെല്ലുവിളിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സൃഷ്ടിക്കുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ഇനിയും കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുന്ന സാഹചര്യമുണ്ടാവുമെന്നാണ് അനാഥാലയ ജീവനക്കാര്‍ വിശദമാക്കുന്നത്. ഏപ്രില്‍ 15ഓടെയാണ് സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷമായത്. ആഭ്യന്തര കലാപം ഖാര്‍തൂമിനെയും സമീപ മേഖലകളേയും അക്ഷരാര്‍ത്ഥത്തില്‍ യുദ്ധമേഖലയാക്കി മാറ്റുകയായിരുന്നു. ഇതിനോടകം 860 പേരാണ് സുഡാനില്‍ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ലഭ്യമായ കണക്കുകള്‍ വിശദമാക്കുന്നത്. ഇവയില്‍ 190 പേര്‍ കുട്ടികളാണ്. ആയിരക്കണക്കിന് പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 1.65 മില്യണ്‍ ആളുകളാണ് കലാപ ബാധിത മേഖലകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുള്ളത്. വെടിനിര്‍ത്തല്‍ നീട്ടിയിട്ടും സുഡാനില്‍ സൈന്യവും അര്‍ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യവുമുണ്ടായിരുന്നു. 

വെടിനിര്‍ത്തല്‍ നീട്ടിയിട്ടും രക്ഷയില്ല; സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം