ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഓടിക്കൊണ്ടിരിക്കെ പാസഞ്ചര്‍ ട്രെയിനിന് തീപിടിച്ച് വന്‍ അപകടം. 62 പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില അതീവഗുരുതരമാണ്. മുള്‍ട്ടാന്‍ നഗരത്തിന് 150 കിലോമീറ്റര്‍ തെക്ക് റഹിം യാര്‍ ഖാന്‍ ജില്ലയിലെ  ലിയാഖത്ത്പുര്‍ പട്ടണത്തിന് സമീപമാണ് അപകടം നടന്നതെന്ന് പ്രവിശ്യാമന്ത്രി മന്ത്രി ഡോ. യാസ്മിന്‍ റാഷിദ് അറിയിച്ചു. ട്രെയിനിനുള്ളില്‍ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പാചകം ചെയ്തതാണ് അപകടകാരണമെന്നും മന്ത്രി വ്യക്തമാക്കി. മൂന്ന് കോച്ചുകള്‍ പൂര്‍ണമായും കത്തിനശിച്ചു. കറാച്ചിയില്‍ നിന്ന് റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപകടമുണ്ടായത്.

പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. തീപിടിച്ചതിനെ തുടര്‍ന്ന് ചിലര്‍ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ആള്‍ത്താമസം കുറഞ്ഞ പ്രദേശത്ത് അപകടം നടന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം മുള്‍ട്ടാനില്‍ എത്തിച്ചാണ് ചികിത്സ നല്‍കിയത്. 

പാകിസ്ഥാനിലെ റെയില്‍വേ വികസനം മന്ദഗതിയിലാണെന്ന് ആരോപണമുയര്‍ന്നിരുന്നു. റെയില്‍വേയില്‍ സമീപകാലത്തായി നിരവധി അപകടങ്ങളാണ് നടന്നത്.
ജൂലായില്‍ ഇതേ ജില്ലയില്‍ നടന്ന അപകടത്തില്‍ 23 പേരും സെപ്റ്റംബറില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ നാല് പേരും മരണപ്പെട്ടിരുന്നു. 2005 ല്‍ സിന്ധ് പ്രവിശ്യയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 130 ഓളം പേരായിരുന്നു കൊല്ലപ്പെട്ടത്. യാത്രക്കാരുടെ ബാഗ്  പരിശോധിച്ചിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നെന്ന് പാക്കിസ്ഥാന്‍ മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മസാരി പറഞ്ഞു.