ഹമാസിന്റെ പിടിയിലുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്ക് ഉള്ളിൽ ഭീതിയോടെ കഴിയുകയാണ്.

ടെൽ അവീവ് : മൂന്ന് ദിവസമായിട്ടും ഹമാസ് ഭീഷണിയിൽ നിന്ന് മുക്തമാകാതെ ഇസ്രയേൽ. ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴുന്നൂറ് കടന്നു. ഹമാസിന്റെ പിടിയിലുള്ള 130ലേറെ ബന്ദികളെ ജീവനോടെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ വഴിമുട്ടി. 95 ലക്ഷത്തോളം ഇസ്രയേലികൾ മൂന്നാം ദിവസവും വീടുകൾക്കുള്ളിൽ ഭീതിയോടെ കഴിയുകയാണ്.

വിദേശികൾ അടക്കം നൂറു പേർ ഹമാസിന്റെ ബന്ദികളാണ്. മുപ്പതിലേറെ പേർ ഇസ്‌ലാമിക് ജിഹാദിന്റെ പിടിയിൽ. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവർ ബന്ദികളാണ്. ഈ ബന്ദികളെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്നതിൽ ഇസ്രായേലിന് വ്യക്തതയില്ല. രാജ്യത്തിനുള്ളിൽ കടന്നു കയറിയ ഹമാസ് സംഘാംഗങ്ങൾ എവിടെയൊക്കെ മറഞ്ഞിരിക്കുന്നുവെന്നും അറിയില്ല. പലയിടത്തും ഇപ്പോഴും സൈന്യവും ഹമാസും ഏറ്റുമുട്ടുന്നു. ശത്രുവിനെ ഭയന്ന് മൂന്നാം ദിനവും 95 ലക്ഷം ഇസ്രയേലികളാണ് പ്രാണരക്ഷാർത്ഥം വീടുകൾക്കുള്ളിൽ കഴിയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിൽ ഇതുപോലൊരു പ്രതിസന്ധി ഇസ്രായേലിന് ഉണ്ടായിട്ടില്ല.

ഗാസ പിടിക്കാൻ കരയുദ്ധത്തിന് ഇസ്രയേൽ, കൊല്ലപ്പെട്ടത് 450ലേറെ പേർ; അമേരിക്കൻ പടക്കപ്പലും പോർവിമാനങ്ങളുമെത്തും

തെക്കൻ ഇസ്രായേലിൽ ഗാസ അതിർത്തിയോടെ ചേർന്ന ഒരു വലിയ സംഗീത പരിപാടിയിലേക്ക് ഇരച്ചു കയറിയ ഹമാസ് സംഘം വെടിവെപ്പ് നടത്തിയെന്നാണ് ഇസ്രായേലിൽ നിന്നും വരുന്ന വിവരം. 260 മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. മാസങ്ങളുടെ ആസൂത്രണത്തിന് ഒടുവിൽ നടന്ന ഈ ആക്രമണത്തിന് ഇറാന്റെ പിന്തുണയുണ്ടെന്ന് ഇസ്രയേൽ കരുതുന്നു. ലെബനോനിലെ അതിശക്തരായ ഹിസ്ബുല്ലയും സഹായിച്ചിട്ടുണ്ടാകാം. അത്തരമൊരു വലിയ ആസൂത്രണം ഉണ്ടെങ്കിൽ അതിന് എങ്ങനെ മറുപടി നൽകണമെന്നതും ഇസ്രയേൽ ഭരണകൂടം ചർച്ച ചെയ്യുകയാണ്. പലസ്‌തീന്‌ ഒപ്പം ആണെങ്കിലും തങ്ങൾ നേരിട്ട് ഹമാസിനെ ഈ ആക്രമണത്തിന് സഹായിച്ചിട്ടില്ലെന്നാണ് ഇറാന്റെ യുഎൻ പ്രതിനിധിയുടെ വാദം. അതെ സമയംതെന്നെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്, അപകടനില തരണം ചെയ്തു

അതേ സമയം, ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം കടുത്തതോടെ പ്രാണരക്ഷാർത്ഥം വീടുവിട്ടവരുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു. 450 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്. ബഹുനില കെട്ടിടങ്ങൾ മിക്കതും നിലംപൊത്തുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തതോടെ വലിയ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ് ഗാസ. തുടർച്ചയായ രണ്ടാം ദിവസവും ഗാസയ്ക്കുമേൽ കനത്ത ബോംബ് വർഷം ഉണ്ടായി. ബഹുനില കെട്ടിടങ്ങൾ നിലംപൊത്തിയതോടെ ആയിരങ്ങൾ തെരുവിലായി. ഒന്നേകാൽ ലക്ഷം പേർ പ്രാണരക്ഷാർത്ഥം സ്‌കൂളുകളിലും ഹാളുകളിലും അഭയം തേടിയിരിക്കുന്നു. ഗാസയിലേക്കുള്ള ചരക്കുനീക്കവും ഇന്ധന നീക്കവും ഇസ്രയേൽ തടഞ്ഞതോടെ വെള്ളവും വെളിച്ചവും ഇല്ലാതാകുന്നു. ഗുരുതരമായി മുറിവേറ്റ് ആശുപത്രിയിൽ എത്തുന്ന പലരും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങുന്നു. ഹമാസ് നേതാക്കളുടെ വീടുകളും ഹമാസ് ആസ്ഥാനവുമാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ പറയുന്നു. എന്നാൽ ആയിരക്കണക്കിന് സാധാരണക്കാരുടെ വീടുകളും തരിപ്പണമായി.