വീടിന്റെ ടെറസിലേക്ക് വിമാനം ഇടിച്ച് കയറിയതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. വീടിനും അപകടത്തിൽ സാരമായ തകരാറുണ്ടായിട്ടുണ്ട്. 71കാരിയായ വനിതാ പൈലറ്റ് അടക്കം രണ്ട് പേർ കൊല്ലപ്പെട്ടു
ബെർലിൻ: 71കാരിയായ പൈലറ്റ് ഓടിച്ച വിമാനം ലാൻഡിംഗിനൊരുങ്ങുന്നതിനിടെ ഇടിച്ച് കയറിയത് എയർ പോർട്ടിന് സമീപത്തെ വീടിന്റെ ടെറസിലേക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്ക്. ജർമനിയിലാണ് സംഭവം. പശ്ചിമ ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലാണ് ചെറുയാത്രാ വിമാനം അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടത്തിൽപ്പെട്ടത്.
കോർഷെൻബ്രോയ്ച്ചിന് സമീപത്തായാണ് വിമാനം വീടിന് മുകളിലേക്ക് ഇടിച്ച് കയറിയത്. നെതർലാൻഡ് അതിർത്തിയോട് ചേർന്ന പ്രദേശമാണ് ഇവിടം. മോൻചെൻഗ്ലാഡ്ബാച്ച് എയർ പോർട്ടിലേക്ക് രണ്ട് മിനിറ്റ് ദൂരം മാത്രമായിരുന്നു വിമാനത്തിന് സഞ്ചരിക്കാനുണ്ടായിരുന്നത്. സാങ്കേതിക തകരാർ വിമാനം നേരിട്ടതായാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വീടിന്റെ ടെറസിലേക്ക് വിമാനം ഇടിച്ച് കയറിയതിന് പിന്നാലെ തീ പിടിക്കുകയായിരുന്നു. വീടിനും അപകടത്തിൽ സാരമായ തകരാറുണ്ടായിട്ടുണ്ട്. 71കാരിയായ വനിതാ പൈലറ്റ് അടക്കം രണ്ട് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അഗ്നിരക്ഷാ സേനയും മറ്റ് അവശ്യ സർവ്വീസുകളും ഉടനെ സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ മരിച്ച രണ്ടാമത്തെ ആളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്കും സാരമായ പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ഇത് കൂടാതെ മൂന്ന് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. കിഴക്കൻ ജർമ്മനിയിലെ അൽകെർസ്ലെബെനിൽ നിന്ന് ശനിയാഴ്ചയാണ് വിമാനം പറന്നുയർന്നത്. ജർമൻ നഗരമാ എർഫർട്ടിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രാ മധ്യേ സാങ്കേതിക തകരാർ അനുഭവപ്പെട്ടതായി പൈലറ്റ് വിശദമാക്കിയിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


