ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുകയും തീപടരുകയുമായിരുന്നു. 

ബീജിങ്: ബീജിങ്ങില്‍ നിന്ന് സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെട്ട വിമാനം യാത്ര റദ്ദാക്കി. ടേക്ക് ഓഫിനിടെ വിമാനത്തിന്‍റെ എഞ്ചിനില്‍ തീപടര്‍ന്നാണ് സര്‍വീസ് റദ്ദാക്കാന്‍ കാരണമായത്. യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് തീപടര്‍ന്നത്. 

യുണൈറ്റഡ് എയര്‍ലൈന്‍സിന്‍റെ യുഎ889 വിമാനമാണ് യാത്ര റദ്ദാക്കിയത്. ബോയിങ് 777 വിമാനത്തിന്‍റെ എഞ്ചിന് ടേക്ക് ഓഫിനിടെ തീപിടിക്കുകയായിരുന്നു. മേയ് 26ന് ബീജിങ് ക്യാപിറ്റല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം ഉണ്ടായത്. വിമാനത്തിന്‍റെ രണ്ട് എഞ്ചിനിലും തീപടര്‍ന്നതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടന്‍ തന്നെ അടിയന്തരമായി ടേക്ക് ഓഫ് റദ്ദാക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സാന്‍ഫ്രാന്‍സിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് സര്‍വീസ് റദ്ദാക്കിയത്.

റൺവേയിലൂടെ വിമാനം നീങ്ങുന്നതിനിടെ വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് തീനാളങ്ങള്‍ ഉയരുകയായിരുന്നു. ഇതോടെ പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കി. വിമാനത്തിന്‍റെ വലത് എഞ്ചിനില്‍ നിന്ന് വലിയ ശബ്ദം കേള്‍ക്കുകയും പെട്ടെന്ന് തീപടരുകയുമായിരുന്നെന്ന് വിന്‍ഡോ സീറ്റിലിരുന്ന ഒരു യാത്രക്കാരന്‍ പറഞ്ഞു. വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടന്‍ തന്നെ തീയണക്കാനുള്ള നടപടികള്‍ തുടങ്ങി. എയര്‍പോര്‍ട്ടിലെ എമര്‍ജന്‍സി ടീം വിമാനത്തിനുള്ളിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കി. രണ്ട് എഞ്ചിനുകളെയും ബാധിച്ച സാങ്കേതിക തകരാര്‍ മൂലമാണ് സര്‍വീസ് റദ്ദാക്കിയതെന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് സ്ഥിരീകരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം