ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സെൽ രൂപീകരിക്കുകയും ചെയ്തു. 

ടോക്യോ: ജപ്പാനിൽ അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നാണ് ജപ്പാൻ കാലാവസ്ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയത്. ജപ്പാൻ്റെ വടക്കുകിഴക്കൻ തീരത്താണ് ഭൂചലനമുണ്ടായത്. വടക്കൻ ജപ്പാനിലെ ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4:53-ഓടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതിനെത്തുടർന്ന് മൂന്ന് മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ജെ എം എ) മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന് 40 മിനിറ്റുകൾക്ക് ശേഷം കുജി തുറമുഖത്ത് 80 സെന്റിമീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചു.

ഭൂകമ്പത്തെ തുടർന്ന് തീരദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവരോട് ഉടൻ തന്നെ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ അധികൃതർ നിർദ്ദേശം നൽകി. ടോക്കിയോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കെട്ടിടങ്ങൾ കുലുങ്ങിയതായും റിപ്പോർട്ടുണ്ട്. സുനാമി തിരമാലകൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ എല്ലാവരും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കർശന നിർദ്ദേശം നൽകി. നിലവിൽ വൻതോതിലുള്ള നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി സനെയ് തകൈച്ചിയുടെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സെൽ രൂപീകരിച്ചു. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോരണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ആളപായമോ സ്വത്തുനാശമോ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്. 

ലോകത്തെ ഏറ്റവും കൂടുതൽ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നായ 'റിംഗ് ഓഫ് ഫയറിലാണ്' ജപ്പാൻ സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ ഏകദേശം 1,500 ഓളം ഭൂചലനങ്ങൾ ഇവിടെ അനുഭവപ്പെടാറുണ്ട്. 2011-ൽ 18,500 പേരുടെ മരണത്തിന് ഇടയാക്കിയ 9.0 തീവ്രതയിലുള്ള ഭൂകമ്പത്തെ രാജ്യം ഇന്നും ഭീതിയോടെയാണ് ഓർക്കുന്നത്. 2024-ലും 2025 ഡിസംബറിലും 'മെഗാക്വേക്ക്' മുന്നറിയിപ്പുകൾ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ 7.5 തീവ്രതയുള്ള ഭൂചലനത്തിൽ 40-ഓളം പേർക്ക് പരിക്കേറ്റിരുന്നു. വരാനിരിക്കുന്ന വൻ ഭൂകമ്പം ലക്ഷക്കണക്കിന് ആളുകളുടെ ജീവനും വൻ സാമ്പത്തിക നഷ്ടത്തിനും കാരണമായേക്കാം എന്ന മുന്നറിയിപ്പ് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മുമ്പുണ്ടായ ഇത്തരം മുന്നറിയിപ്പുകൾ ജനങ്ങൾ അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് ഇടയാക്കി. വിനോദ സഞ്ചാര മേഖലയെയും ബാധിച്ചിരുന്നു.

YouTube video player