കുറഞ്ഞ വരുമാനമുള്ള ജോലികളിൽ കൂടുതലായി ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ, യുവാക്കൾ എന്നിവർക്ക് ഈ നിയമമാറ്റം വലിയ ആശ്വാസമാകും.
ബ്രിട്ടൻ: സിക്ക് പേ നിയമങ്ങളിൽ വൻ മാറ്റവുമായി ബ്രിട്ടൻ. 9.6 ദശലക്ഷം തൊഴിലാളികൾക്ക് സഹായകരമാവുന്നതാണ് പുതിയ മാറ്റമെന്നാണ് ട്രേഡ് യൂണിയൻ കോൺഗ്രസ് വിശദമാക്കുന്നത്. പുതിയ നിയമപ്രകാരം സിക്ക് ലീവ് എടുക്കുന്ന ആദ്യ ദിവസം മുതൽ തന്നെ തൊഴിലാളികൾക്ക് ശമ്പളത്തിന് അർഹതയുണ്ടാകും. മുൻപ് നാലാം ദിവസം മുതൽ മാത്രമായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. കൂടാതെ കുറഞ്ഞ വരുമാനമുള്ളവർക്ക് സിക്ക് പേ നിഷേധിച്ചിരുന്ന നിബന്ധനയും ഒഴിവാക്കി. ഇതുവഴി പാർട്ട് ടൈം ജീവനക്കാർക്കും കുറഞ്ഞ വേതനം വാങ്ങുന്നവർക്കും രോഗബാധിതരാകുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കും. ഈ മാറ്റം സ്ത്രീകളെയും യുവാക്കളെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെയുമാണ് പ്രധാനമായും സഹായിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഭയന്ന് അസുഖമായിരിക്കുമ്പോഴും ജോലിക്ക് പോകേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ചെറുകിട വ്യവസായ ഉടമകൾക്ക് ഇത് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള ജോലികളിൽ കൂടുതലായി ഏർപ്പെട്ടിരിക്കുന്ന സ്ത്രീകൾ, ഭിന്നശേഷിക്കാർ, യുവാക്കൾ എന്നിവർക്ക് ഈ നിയമമാറ്റം വലിയ ആശ്വാസമാകും.
ട്രേഡ് യൂണിയൻ കോൺഗ്രസ് നടത്തിയ സർവേ നടത്തിയ സർവേയിൽ 76 ശതമാനം ആളുകളും ഈ മാറ്റങ്ങളെ പിന്തുണയ്ക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമുള്ള എംപ്ലോയ്മെന്റ് റൈറ്റ്സ് ആക്ട് 2025 ന്റെ ഭാഗമായാണ് മാറ്റങ്ങൾ. ആഴ്ചയിൽ 125 പൌണ്ടിൽ കുറവ് വരുമാനമുള്ളവർക്ക് സിക്ക് അവധിയുടെ ആനുകൂല്യങ്ങൾ ലഭ്യമായിരുന്നില്ല. കുറഞ്ഞ വേതന വർദ്ധനവ്, നികുതി വർദ്ധനവ് എന്നിവയ്ക്ക് പുറമെ സിക്ക് പേ കൂടി നൽകേണ്ടി വരുന്നത് ചെറുകിട സ്ഥാപനങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്നാണ് ചെറുകിട ബിസിനസുകാർ ചൂണ്ടിക്കാട്ടുന്നത്.


