ഇറ്റലി: കൊവിഡ് 19 എന്ന മഹാമാരി തകർത്തു കളഞ്ഞ രാജ്യങ്ങളിലൊന്നായ ഇറ്റലിയിൽ നിന്നൊരു ശുഭവാർത്ത. വൈറസ് ബാധ സ്ഥിരീകരിച്ച 95 വയസ്സുള്ള മുത്തശ്ശി സുഖപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. രാജ്യത്തെ പ്രായം കൂടിയ വ്യക്തിയായ അൽമ ക്ലാര കോർസിനി എന്ന മുത്തശ്ശിയാണ് കൊവിഡ് 19 ബാധയിൽ നിന്ന് സുഖം പ്രാപിച്ചത്. കഴിഞ്ഞ മാർച്ച് 5ന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് അൽമയെ പാവുലോയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മൂന്നാഴ്ചക്ക് ശേഷം അൽമയുടെ അസുഖം ഭേദമായതായി ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. താൻ പൂർണ്ണമായും ആരോ​ഗ്യവതിയാണെന്ന് അൽമ ഇറ്റാലിയൻ മാധ്യമമായ ​ഗസറ്റേ ഡി മോഡേണയോട് പറഞ്ഞതായി ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ആന്റിവൈറൽ തെറാപ്പികളൊന്നും ഇല്ലാതെയാണ് അൽമ സുഖപ്പെട്ടതെന്നും മാധ്യമ വാർത്തയില്‍ പറയുന്നു. തനിക്ക് പൂർണ്ണമായി അസുഖം ഭേദമായെന്നും ആശുപത്രി ജീവനക്കാർ തന്നെ വളരെ നല്ല രീതിയിൽ ശുശ്രൂഷിച്ചെന്നും അൽമ പറയുന്നു. നേരത്തെ ഇറാനില്‍ 103, 91 വയസുള്ളവര്‍ കൊവിഡ് 19 ല്‍ നിന്ന് മുക്തി നേടിയതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതേസമയം കൊവിഡ് 19 വൈറസ് ബാധയില്‍ ഇറ്റലിയില്‍ മരണം 6000 കടന്നു.