വാഷിംഗ്‌ടൺ: അമേരിക്കയ്ക്ക് ഇന്നും നടുക്കുന്നൊരോർമ്മയാണ് 09/11 എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭീകരാക്രമണം. വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറ്റി ഭീകരർ ആക്രമണം നടത്തിയിട്ട് 18 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ക്രൂരകൃത്യത്തിന്റെ ഓർമ്മദിനത്തിന് മുകളിൽ നിഷ്‌കളങ്കമായ പുഞ്ചിരി പതിപ്പിച്ചിരിക്കുകയാണ് കുഞ്ഞ് ക്രിസ്റ്റീന.

സംഖ്യകളുടെ അത്യപൂർവ്വമായ സമാനതയാണ് ക്രിസ്റ്റീന ബ്രൗണിന്റെ ജനനത്തെ വിശേഷപ്പെട്ടതാക്കുന്നത്. ഇക്കഴിഞ്ഞ സെപ്‌തംബർ 11 ബുധനാഴ്ചയാണ് (9/11) ക്രിസ്റ്റീന ജനിച്ചത്. ശസ്ത്രക്രിയയിലൂടെ രാത്രി 9.11 നായിരുന്നു ക്രിസ്റ്റീന ഭൂമിയിലെത്തിയത്. ജനിച്ച ശേഷം കുഞ്ഞിന്റെ തൂക്കം നോക്കിയ ആശുപത്രി ജീവനക്കാർ ആശ്ചര്യത്തോടെ അലറിവിളിച്ചു. കുഞ്ഞിന് 9 പൗണ്ടും 11 ഔൺസുമായിരുന്നു ഭാരം.

അമേരിക്കയിലെ ലെ ബോൺഹോർ ജെർമൻടൗൺ ആശുപത്രി അധികൃതർ ഇക്കാര്യം സ്ഥിരീകരിച്ചു. "ക്രൂരവും വേദനിപ്പിക്കുന്നതുമായ ഒരു ദിനമാണ് തങ്ങൾക്ക് എന്നും 9/11. പതിനെട്ട് വർഷങ്ങൾക്കിപ്പുറം ആ ഓർമ്മയ്ക്ക് മുകളിൽ ഒരൽപ്പം സന്തോഷം കൂട്ടിച്ചേർക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു." എന്നാണ് ക്രിസ്റ്റീനയുടെ അമ്മ കമെത്രിയോൺ മലോൺ ബ്രൗൺ പറഞ്ഞത്. ക്രിസ്റ്റീനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അമ്മയോടൊപ്പം അവൾ വീട്ടിലേക്ക് പോകുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.