56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന മധ്യഭാഗമാണ്‌ കാണാതായത്‌.

സെന്റ്‌പീറ്റേഴ്‌സ്‌ ബെര്‍ഗ്‌: ടണ്‍കണക്കിന്‌ ഭാരമുള്ള ഒരു ഭീമന്‍ പാലം അപ്രത്യക്ഷമായതിന്റെ അമ്പരപ്പിലാണ്‌ റഷ്യയിലെ മര്‍മാന്‍സ്‌കിലുള്ള ജനങ്ങള്‍. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന മധ്യഭാഗമാണ്‌ കാണാതായത്‌.

മര്‍മാന്‍സ്‌കിലുള്ള ഉമ്പാ നദിക്ക്‌ കുറുകെയുള്ള പാലത്തിന്റെ ഭാഗമാണ്‌ പെട്ടന്നൊരുദിവസം അപ്രത്യക്ഷമായത്‌. മെയ്‌ 16 നാണ്‌ പാലത്തിന്റെ പൊടുന്നനെയുള്ള അപ്രത്യക്ഷമാകലിനെക്കുറിച്ച്‌ റഷ്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വികെയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്‌. പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക്‌ തകര്‍ന്നുവീണു എന്ന രീതിയിലായിരുന്നു അന്നത്തെ പ്രചരണം. വികെയില്‍ പ്രചരിച്ച ചിത്രങ്ങളും ഇത്‌ ശരിവയ്‌ക്കുന്നതായിരുന്നു.

എന്നാല്‍, പത്ത്‌ ദിവസങ്ങള്‍ക്ക്‌ ശേഷം വികെയിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ തകര്‍ന്നുവീണ പാലത്തിന്റെ പൊടി പോലും ഉണ്ടായിരുന്നില്ല!



പാലം അപ്രത്യക്ഷമായതിന്‌ പിന്നില്‍ ഏതെങ്കിലും മോഷണസംഘമായിരിക്കാം എന്നാണ്‌ പ്രദേശവാസികളുടെ നിഗമനം. പാലം തകര്‍ത്തശേഷം മോഷ്ടാക്കള്‍ വിദഗ്‌ധമായി അത്‌ കടത്തിക്കൊണ്ടുപോയിട്ടുണ്ടാവുമെന്നാണ്‌ നിഗമനം. പാലത്തിന്റെ ഉരുക്ക്‌ ഭാഗങ്ങള്‍ ഉന്നമിട്ടാണ്‌ ഇവര്‍ മോഷണം നടത്തിയതെന്നും കരുതപ്പെടുന്നു. എന്നാല്‍, ഇക്കാര്യം അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം നടത്താതെ ഒന്നും പറയാന്‍ കഴിയില്ലെന്നാണ്‌ അധികൃതരുടെ നിലപാട്‌.