ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് ജെന്നിഫർ സെങ്
ന്യൂയോര്‍ക്ക്: ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകത്തിന് പിന്നില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏജന്‍റുമാരെന്ന് ചൈനീസ് വംശജയും മാധ്യമപ്രവര്‍ത്തകയുമായ ജെന്നിഫർ സെങ്. ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മില്‍ ഭിന്നത സൃഷ്ടിക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് സെങ് പറഞ്ഞു. നിലവില്‍ അമേരിക്കയില്‍ താമസിക്കുന്ന സെങ് സ്വതന്ത്ര ബ്ലോഗറാണ്.
സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ജെന്നിഫര്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. ജൂണിലാണ് കാനഡയില്‍ വെച്ച് നിജ്ജര്‍ കൊല്ലപ്പെട്ടത്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏജന്‍റുമാര്‍ ജൂണ്‍ 18ന് നിജ്ജറിനെ വെടിവെച്ച് കൊന്നുവെന്നും തെളിവ് ഇല്ലാതാക്കാന്‍ നിജ്ജറിന്‍റെ കാറിലെ ക്യാമറ നശിപ്പിച്ചെന്നും ജെന്നിഫര്‍ ആരോപിച്ചു. ഏജന്റുമാർ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും ധരിച്ച വസ്ത്രവും കത്തിച്ചു. തെളിവ് നശിപ്പിക്കാനായിരുന്നു ഇത്. അടുത്ത ദിവസം അവർ വിമാനത്തിൽ കാനഡ വിട്ടെന്നും ജെന്നിഫര്‍ വീഡിയോയില്‍ പറയുന്നു.
കൊലയാളികള്‍ ഇന്ത്യന്‍ ഉച്ചാരണത്തില്‍ ഇംഗ്ലീഷ് പറയാന്‍ പഠിച്ചിരുന്നുവെന്നും ജെന്നിഫര്‍ ആരോപിച്ചു. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഇന്ത്യയില്‍ ആരോപിക്കാനായാണ് ഇങ്ങനെ ചെയ്തതതെന്ന് ജെന്നിഫര്‍ വിശദീകരിച്ചു. നിജ്ജറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞതോടെ ഇരു രാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം വഷളായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുന്ന അവസ്ഥ വന്നു. അതേസമയം ജെന്നിഫറിന്‍റെ ആരോപണത്തോട് ചൈന പ്രതികരിച്ചിട്ടില്ല.
ഇന്‍റർനാഷണൽ പ്രസ് അസോസിയേഷന്‍ അംഗമാണ് ജെന്നിഫര്‍ സെങ്. ചൈനയെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ജെന്നിഫര്‍ പങ്കുവെയ്ക്കാറുള്ളത്. ഇന്‍കണ്‍വീനിയന്‍റ് ട്രൂത്ത്സ് (അസുഖകരമായ സത്യങ്ങള്‍) എന്നാണ് ജെന്നിഫറിന്‍റെ ബ്ലോഗിന്‍റെ പേര്. ചൈനയിലെ സ്റ്റേറ്റ് കൗൺസിലിന്റെ ഡെവലപ്‌മെന്റ് റിസർച്ച് സെന്ററിൽ ഗവേഷകയായി ജെന്നിഫര്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് താമസം.
