സംഭവത്തില്‍ രണ്ട് പേരെ ലണ്ടന്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗാലറിയിലെത്തിയ രണ്ട് പേര്‍ വിന്‍സെന്‍റ് വാന്‍ഗോഗിന്‍റെ സണ്‍ഫ്ലവേഴ്സ് എന്ന പെയിന്‍റിംഗിന് നേരെയായിരുന്നു അതിക്രമം

ഡച്ച് ചിത്രകാരന്‍ വിന്‍സെന്‍റ് വാന്‍ ഗോഗിന്‍റെ പ്രശസ്തമായ പെയിന്‍റിംഗിന് മുകളിലേക്ക് സൂപ്പൊഴിച്ച് കാലാവസ്ഥാ പ്രതിഷേധക്കാര്‍. ജസ്റ്റ് സ്റ്റോപ് ഓയില്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തകരാണ് വിഖ്യാത പെയിന്‍റിംഗിന് മുകളിലേക്ക് തക്കാളി സൂപ്പ് ഒഴിച്ചത്. ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഫോസില്‍ ഇന്ധനങ്ങളുടെ വേര്‍തിരിക്കലിനെതിരെ പ്രതിഷേധിക്കുന്ന സംഘടനയാണ് പ്രതിഷേധത്തിന് പിന്നില്‍. പുതിയ ഗ്യസാ, ഓയില്‍ പദ്ധതികള്‍ നടത്തുന്നതിനെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തില്‍ രണ്ട് പേരെ ലണ്ടന്‍ മെട്രോ പൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗാലറിയിലെത്തിയ രണ്ട് പേര്‍ വിന്‍സെന്‍റ് വാന്‍ഗോഗിന്‍റെ സണ്‍ഫ്ലവേഴ്സ് എന്ന പെയിന്‍റിംഗിന് നേരെയായിരുന്നു അതിക്രമം. നാഷണല്‍ ഗാലറിയിലെ ഏറ്റവും സുപ്രധാന പെയിന്റിഗാണ് ഇത്. ചില്ലുകൊണ്ടുള്ള ഫ്രെയിം ഉണ്ടായിരുന്നതിനാല്‍ പെയിന്‍റിംഗിന് കേടുപാട് സംഭവിച്ചിട്ടില്ലെന്നാണ് ഗാലറി അധികൃതര്‍ വിശദമാക്കുന്നത്. എന്നാല്‍ ഫ്രെയിമിന് ചെറിയ തകരാറുകളുണ്ട്. ജീവിതത്തിനാണോ അതോ കലയ്ക്കാണോ കൂടുതല്‍ മൂല്യമെന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. ടിന്നില്‍ കരുതിയ സൂപ്പ് പെയിന്‍റിംഗില്‍ ഒഴിച്ചതിന് പിന്നാലെ പ്രതിഷേധക്കാര്‍ കൈകളില്‍ പശ തേച്ച ശേഷം കൈ ഭിത്തിയിലേക്ക് ചേര്‍ത്ത് വയ്ക്കുകയും ചെയ്തു.

Scroll to load tweet…

കഴിഞ്ഞ രണ്ട് ആഴ്ചകളായി ഈ സംഘടന നടത്തുന്ന രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് പുതിയ മാനം നല്‍കുന്നതാണ് ലണ്ടന്‍ ഗാലറിയിലെ പ്രതിഷേധം. വിഖ്യാത പെയിന്റിംഗിന് നേരെയുണ്ടായ ആക്രമണത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധിപ്പേര്‍ പ്രതികരിച്ചിട്ടുണ്ട്. ദക്ഷിണ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന പ്രശസ്ത ചിത്രകാരനാണ് വിന്‍സെന്‍റ് വാന്‍ഗോഗ്. നിത്യ ജീവിതത്തില്‍ സാധാരണ കാണുന്ന വസ്തുക്കളുടെ സൌന്ദര്യമാണ് അദ്ദേഹത്തിന്‍റെ സണ്‍ ഫ്ലവേഴ്സ് ചിത്രത്തിന്‍റെ പ്രത്യേകത. 21കാരിയായ ഫോബേ പ്ലമ്മറും 20കാരിയായ അന്നാ ഹോളണ്ടുമാണ് ലണ്ടന്‍ ഗാലറിയില്‍ പ്രകൃതി സംരക്ഷണത്തിനായി അറ്റകൈ പ്രതിഷേധം നടത്തിയത്.