Asianet News MalayalamAsianet News Malayalam

നിരവധി ഇന്ത്യക്കാരെ തടഞ്ഞുവച്ച് താലിബാൻ, ചിലരെ ബലമായി തട്ടിക്കൊണ്ട് പോയി?

ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നതെങ്കിലും ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

afghan crisis live updates indians stranded and blocked by taliban outside airport
Author
Kabul, First Published Aug 21, 2021, 1:04 PM IST

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തെത്തിയ നിരവധി ഇന്ത്യക്കാരെ താലിബാൻ തട്ടിക്കൊണ്ടുപോയതായി റിപ്പോ‍ർട്ട്. വിമാനത്താവളത്തിനടുത്തെത്തിയ ഇന്ത്യക്കാരെ താലിബാൻ തടഞ്ഞുവച്ചതായാണ് റിപ്പോർട്ട്. ചില അഫ്ഗാൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

വിമാനത്താവളത്തിന് അകത്തേക്ക് കയറാനെത്തിയ ചിലരെ താലിബാൻ ബലമായി പിടിച്ചുമാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ഇവരെ താലിബാൻ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലേക്ക് കൊണ്ടുപോയി എന്നാണ് വിവരം. എന്നാൽ വിദേശകാര്യമന്ത്രാലയം ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം താലിബാൻ നിഷേധിക്കുകയാണ്. ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് താലിബാൻ പറയുന്നത്. വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമം എന്നും താലിബാൻ വക്താവ് പറയുന്നു. ഇരുന്നൂറോളം ഇന്ത്യക്കാർ വിമാനത്താവളത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണ് എന്ന് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യ വീണ്ടും ഒഴിപ്പിക്കൽ തുടങ്ങിയിട്ടുണ്ട്. ഇന്ത്യക്കാരുമായി ഒരു വ്യോമസേനാ വിമാനം അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുപൊങ്ങിയെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 85 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളതെന്നാണ് സൂചന. ഇന്ധനം നിറയ്ക്കാൻ ഈ വ്യോമസേനാ വിമാനം നിലവിൽ താജിക്കിസ്ഥാനിൽ ഇറങ്ങിയിട്ടുണ്ട്. മണിക്കൂറുകൾക്കുള്ളിൽ ഈ വിമാനം ഇന്ത്യയിലെത്തും. ദില്ലിയിലെ ഹിൻഡൻ വിമാനത്താവളത്തിലേക്കായിരിക്കും ഈ വിമാനം എത്തുക എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അന്തിമസ്ഥിരീകരണമായിട്ടില്ല. 

എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരൻമാരെ അഫ്ഗാനിൽ നിന്ന് പുറത്തേക്ക് എത്തിക്കാനായി എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാബൂൾ വിമാനത്താവളത്തിന്‍റെ സുരക്ഷയ്ക്കായി 6000 സൈനികരെയും യുഎസ് വിന്യസിച്ചിട്ടുണ്ട്. അഫ്ഗാനിൽ കുടുങ്ങി  കിടക്കുന്ന പൗരന്മാരെ രക്ഷിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ്. 

അതേസമയം മറ്റൊരു സി-17 വിമാനം കൂടി കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പുറത്തെത്തിക്കാനായി തയ്യാറായി നിൽക്കുന്നുണ്ടെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്ന ഇന്ത്യക്കാരെ അകത്ത് എത്തിക്കാനായാൽ ഉടൻ ഈ വിമാനം പുറപ്പെടും. കാബൂൾ വിമാനത്താവളത്തിന്‍റെ അകത്തെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രിക്കുന്നത് അമേരിക്കയാണ്. അമേരിക്കൻ സൈന്യവുമായി തുടർച്ചയായി ആശയവിനിമയം നടത്തുന്നുണ്ടെന്നും, ഇതിനനുസരിച്ചാണ് വ്യോമസേനയുടെ വിമാനങ്ങളുടെ കാബൂളിലേക്കുള്ള സർവീസ് നിയന്ത്രിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. 

ഓഗസ്റ്റ് 15-ന് രണ്ട് വ്യോമസേനാ സി-17 വിമാനങ്ങൾ കാബൂളിലെത്തി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ നാട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ വിമാനത്തിൽ ഇൻഡോ - ടിബറ്റൻ പൊലീസുദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാർ രാജ്യം വിടാനായി വിമാനത്താവളത്തിന് അകത്ത് തിക്കും തിരക്കും കൂട്ടിയിരുന്ന സമയത്താണ് ഇന്ത്യയിലേക്കുള്ള ആദ്യ രണ്ട് വിമാനങ്ങൾ പറന്നുയരുന്നത്. അന്ന് മുതലിന്ന് വരെ അഫ്ഗാനിലെ സ്ഥിതിഗതികൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ആയിരക്കണക്കിന് പേരാണ് രാജ്യം വിടാനൊരു അവസരം കാത്ത് വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നത്. 

Follow Us:
Download App:
  • android
  • ios