അഫ്ഗാൻ വ്യവസായ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസി അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. 

ദില്ലി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ സന്ദർശനത്തിന് പിന്നാലെ വ്യവസായ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയും അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ബുധനാഴ്ച ദില്ലിയിലെത്തിയത്. അഫ്ഗാനിസ്ഥാനുമായുള്ള പ്രധാന അതിർത്തി വഴികൾ പാകിസ്ഥാൻ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അസീസിയുടെ സന്ദർശനം. പാകിസ്ഥാന്റെ നടപടി അഫ്​ഗാൻ കർഷകരെ ​ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായി കച്ചവട ബന്ധമുണ്ടാക്കാനുള്ള ശ്രമം ആരംഭിക്കുന്നത്. അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിക്കുന്നതിന്റെയും ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള കാബൂളിന്റെ പുതുക്കിയ നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സന്ദർശനം.

ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അസീസിയെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയറിലേക്കും (ഐഐടിഎഫ്) അഫ്​ഗാൻ മന്ത്രിക്ക് ക്ഷണം ലഭിച്ചു. 2021 ന് ശേഷം ഐടിപിഒയിലേക്ക് ഒരു അഫ്ഗാൻ മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്. ഐടിപിഒ മാനേജിംഗ് ഡയറക്ടർ നീരജ് ഖർവാൾ അദ്ദേഹത്തെ സ്വീകരിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന അഫ്ഗാൻ സ്റ്റാളുകൾ ഉൾപ്പെടെ നിരവധി പവലിയനുകൾ അസീസി സന്ദർശിച്ചു.

അഫ്ഗാനിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതികളിൽ ഔഷധങ്ങൾ, തുണിത്തരങ്ങൾ, യന്ത്രങ്ങൾ, പഞ്ചസാര, ചായ, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലേക്കുള്ള അഫ്ഗാൻ കയറ്റുമതിയിൽ പ്രധാനമായും കാർഷിക ഉൽപ്പന്നങ്ങളും ധാതുക്കളുമാണ് അടങ്ങിയിരിക്കുന്നത്. 2025 ഒക്ടോബറിൽ ഇന്ത്യ കാബൂളിലെ തങ്ങളുടെ ദൗത്യത്തെ പൂർണ്ണ എംബസി പദവിയിലേക്ക് ഉയർത്തിയിരുന്നു. പാകിസ്ഥാനെ മറികടക്കുന്ന ബദൽ സാധ്യത തേടുകയും ഖനനത്തിലും ജലവൈദ്യുത പദ്ധതികളിലും ഇന്ത്യൻ നിക്ഷേപം അഫ്ഗാനിസ്ഥാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു.