Asianet News MalayalamAsianet News Malayalam

കാബൂളിന് തൊട്ടരികെ താലിബാൻ, മൗനം വെടിഞ്ഞ് അഫ്ഗാൻ പ്രസിഡന്‍റ്, നിർണായകം

പതിനെട്ട് പ്രവിശ്യാതലസ്ഥാനങ്ങൾ നിലവിൽ താലിബാന്‍റെ അധീനതയിലാണ്. കാബൂളിന് തൊട്ടടുത്തുള്ള പ്രവിശ്യ കീഴടക്കാനായി ശക്തമായ പോരാട്ടം നടക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കാബൂളും വീഴുമെന്ന ഘട്ടം വന്നപ്പോഴാണ് ഒടുവിൽ അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി മൗനം വെടിയുന്നത്. 

Afghan War Taliban close in on Afghan capital Kabul
Author
Kabul, First Published Aug 14, 2021, 3:38 PM IST
  • Facebook
  • Twitter
  • Whatsapp

കാബൂൾ: ഒടുവിൽ താലിബാന് മുന്നിൽ വീഴാനൊരുങ്ങി കാബൂളും. കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാബൂളിന്‍റെ വടക്കൻ മേഖലയിലുള്ള മസർ-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത് താലിബാൻ വിരുദ്ധപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 18 എണ്ണവും നിലവിൽ താലിബാന്‍റെ അധീനതയിലാണ്. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അതിവേഗം സ്വന്തം പൗരൻമാരെ അവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. രാജ്യത്തെ പല എംബസികളും അതിവേഗം അടയ്ക്കുകയും ചെയ്യുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും അയൽരാജ്യങ്ങളോട് അതി‍ർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിക്കുന്നു. 

താലിബാൻ എത്തി ക്യാമ്പുകളുറപ്പിച്ച കാബൂളിന്‍റെ അതിർത്തി മേഖലകളിൽ നിലവിൽ യുഎസ് സേന ആക്രമണം നടത്തുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കാബൂളിന് വെറും 40 കിമീ അകലെയുള്ള മൈദാൻ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിനകത്തേക്ക് കടന്ന്, അധികാരമുറപ്പിച്ചേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് പൗരൻമാരെ അവർ അതിവേഗം ഒഴിപ്പിക്കുന്നത്. 

സ്ഥിതി ഗുരുതരമായി, കാബൂളും താലിബാന് അടിയറ പറയേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ ആദ്യമായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി മൗനം വെടിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. റെക്കോഡ് ചെയ്ത ഒരു പ്രസ്താവനയിൽ അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്റഫ് ഗനി പറഞ്ഞു. ഇത്ര കാലമായിട്ടും, പകുതിയിലധികം പ്രവിശ്യാതലസ്ഥാനങ്ങൾ താലിബാൻ പിടിച്ചിട്ടും ഗനി ഭരണകൂടം ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രസ്താവന മാത്രമാണ് ഗനി നടത്തുന്നതെന്നതിൽ അഫ്ഗാൻ ജനങ്ങളിൽത്തന്നെ നിരാശ പ്രകടമാണ്. 

അഫ്ഗാനിലെ 3000 സൈനികരെ ഒഴിപ്പിച്ച് തിരികെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള സേന എത്തിയതായി അമേരിക്ക അറിയിച്ചു. അമേരിക്കൻ എംബസിയിലെ പ്രധാനപ്പെട്ട സ്റ്റാഫിനെയെല്ലാം അമേരിക്ക പിൻവലിക്കുകയാണ്. യുകെ സ്വന്തം പൗരൻമാരെ തിരികെ നാട്ടിലേക്ക് എത്തിക്കാൻ 600 ട്രൂപ്പുകളെ അയച്ചു കഴിഞ്ഞു. അവശ്യം വേണ്ടവരൊഴികെ ഇനി യുകെ എംബസിയിൽ ഉദ്യോഗസ്ഥരാരും ഉണ്ടാകില്ല. ജർമനിയും അതുപോലെത്തന്നെ എംബസി ഭാഗികമായി അടയ്ക്കാനാണ് തീരുമാനം. അതേസമയം ഡെൻമാർക്കും നോർവേയും അഫ്ഗാൻ എംബസി പൂർണമായും അടയ്ക്കുകയാണ്. 

യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻമാറിയതോടെയാണ് താലിബാൻ ഇത്ര പെട്ടെന്ന് രാജ്യത്തിന്‍റെ പകുതിയോളം കീഴടക്കിയുള്ള മുന്നേറ്റം നടത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി യുഎസ് സഖ്യസേനയുടെ സഹായത്തോടെ ഒരു ജനാധിപത്യസർക്കാരാണ് അഫ്ഗാനിൽ ഭരണത്തിലുണ്ടായിരുന്നത്. നിലവിൽ, മൂന്ന് ലക്ഷത്തോളം പേർ അഫ്ഗാൻ സേനയിലുണ്ടെന്നാണ് കണക്കെങ്കിലും, അത്രയും പേർ യുദ്ധരംഗത്തില്ലെന്നുറപ്പാണ്. എത്ര പേർ താലിബാനുമായി ഏറ്റുമുട്ടി പോരാടി നിൽക്കുന്നുവെന്ന കാര്യത്തിലും വ്യക്തതയില്ല. 

മറ്റ് മേഖലകൾ പലതും താലിബാൻ നിയന്ത്രണത്തിലാകുമ്പോൾ തലസ്ഥാനമായ കാബൂളിലേക്ക് ഒഴുകുകയാണ് അഭയാർത്ഥികൾ. ലോകത്തിന് മുന്നിൽ നീറുന്ന മനുഷ്യാവകാശപ്രശ്നമായി ഇത് മാറുമ്പോൾ, പല അഫ്ഗാൻ പൗരൻമാരും കാബൂളിലെ തെരുവുകളിൽ കിടന്നുറങ്ങുന്ന കാഴ്ചകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

ഈ സാഹചര്യത്തിലാണ്, സ്ഥിതിഗതികൾ കൈവിട്ട് പോകുകയാണെന്നും, അയൽരാജ്യങ്ങളോട് അതി‍ർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അഭ്യർത്ഥിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios