Asianet News MalayalamAsianet News Malayalam

കണ്ണുരുട്ടി താലിബാൻ; അഫ്​ഗാനിലെ ടെലിവിഷൻ വനിതാ അവതാകർ പരിപാടി അവതരിപ്പിച്ചത് മുഖം മറച്ച്

മുഖമുൾപ്പെടെ മറയ്ക്കുന്ന ബുർഖ ധരിച്ചാണ് വനിതാ അവതാരകരും റിപ്പോർട്ടർമാരും ടോളോ ന്യൂസ്, എരിയാന ടെലിവിഷൻ, ഷംഷദ് ടിവി, 1 ടിവി വാർത്ത അവതരിപ്പിച്ചത്.

Afghan Women TV Hosts Cover Faces After Taliban Diktat
Author
Kabul, First Published May 22, 2022, 3:00 PM IST

കാബൂൾ: താലിബാൻ (Taliban) ഭീഷണിയെ തുടർന്ന് അഫ്ഗാനിസ്ഥാനിലെ (Afghanistan) പ്രമുഖ വാർത്താ ചാനലുകളിലെ വനിതാ അവതാരകർ  ഞാ‌യറാഴ്ച വാർത്ത അവതരിപ്പിച്ചത് മുഖം മറച്ച്. സ്ത്രീകൾ പൊതുസ്ഥലത്ത് മുഖം മറക്കണമെന്ന താലിബാൻ നിർദേശം ലംഘിച്ച് കഴിഞ്ഞ ദിവസം വനിതാ അവതാരകർ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചിരുന്നു. പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ രം​ഗത്തെത്തി. 

മുഖമുൾപ്പെടെ മറയ്ക്കുന്ന ബുർഖ ധരിച്ചാണ് വനിതാ അവതാരകരും റിപ്പോർട്ടർമാരും ടോളോ ന്യൂസ്, എരിയാന ടെലിവിഷൻ, ഷംഷദ് ടിവി, 1 ടിവി വാർത്ത അവതരിപ്പിച്ചത്. മുഖംമൂടുന്നതിൽ എതിർപ്പായിരുന്നെന്നും എന്നാൽ ഭരണകൂടം നിർബന്ധിക്കുകയാണെന്നും ടോളോ ന്യൂസ് അവതാരക സോണിയ നിയാസി എഎഫ്പിയോട് പറഞ്ഞു. മുഖം മറയ്ക്കാത്ത അവതാരകരെ ജോലിയിൽ നിന്ന് ഒഴിവാക്കുകയോ മറ്റേതെങ്കിലും ജോലി കൊടുക്കുകയോ ചെയ്യണമെന്നായിരുന്നു താലിബാൻ നിർദേശം.

എന്നാൽ, വനിതാ അവതാരകരെ നിർബന്ധിച്ച് ജോലിയിൽ നിന്ന് പുറത്താക്കാൻ അധികൃതർക്ക് പദ്ധതിയില്ലെന്ന് മന്ത്രാലയ വക്താവ് മുഹമ്മദ് അകിഫ് സദേഖ് മൊഹാജിർ പറഞ്ഞു. അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസാദ സ്ത്രീകൾക്ക് പരമ്പരാഗത ബുർഖ ഉപയോഗിച്ച് മുഖം ഉൾപ്പെടെ പൂർണമായും മറയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. മാധ്യമസ്ഥാപനങ്ങൾ സർക്കാർ ഉത്തരവ് പാലിച്ചതിൽ സന്തോഷമുണ്ടെന്നും അധികൃതർ പറഞ്ഞു. 

നി‌യമം അനുസരിച്ചില്ലെങ്കിൽ അവതാരകരുടെ മാനേജർമാരുമായും രക്ഷിതാക്കളുമായും സംസാരിക്കുമെന്ന് താലിബാൻ പറഞ്ഞിരുന്നു. സംവിധാനത്തിനും സർക്കാരിനും കീഴിൽ ജീവിക്കുന്ന ഏതൊരാളും ആ വ്യവസ്ഥയുടെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കണമെന്നും അദ്ദേഹം എഎഫ്പിയോട് പറഞ്ഞു. പുതിയ ഡ്രസ് കോഡ് പാലിക്കുന്നില്ലെങ്കിൽ വനിതാ സർക്കാർ ജീവനക്കാരെ പിരിച്ചുവിടണമെന്ന് താലിബാൻ ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോ​ഗസ്ഥരുടെ ഭാര്യമാരോ മക്കളോ സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ അവരെ സസ്പെന്റ് ചെയ്യും. വനിതാ അവതാരകരും മാനേജർമാരും രക്ഷിതാക്കളും പിഴ നൽകേണ്ടി വരുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി.

Follow Us:
Download App:
  • android
  • ios