കാബൂള്‍(അഫ്ഗാനിസ്ഥാന്‍): മൂന്ന് വര്‍ഷമായി ഭീകരസംഘടനയായ താലിബാന്‍റെ പിടിയിലുള്ള രണ്ട് അധ്യാപകരെ രക്ഷിക്കാന്‍ തടവിലുള്ള മൂന്ന് ഭീകരരെ കൈമാറാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍. ഓസ്ട്രേലിയക്കാരനായ തിമോത്തി വീക്ക്സിനേയും അമേരിക്കകാരനായ കെവിന്‍ കിംഗിനെ വിട്ടയക്കാനുമാണ് മൂന്ന് ഭീകരരെ അഫ്ഗാനിസ്ഥാന്‍ വിട്ടയക്കുന്നത്. ഓസ്ട്രേലിയയിലെ സൗത്ത് വെയില്‍സിലെ വാഗ വാഗയില്‍ നിന്നുള്ള  പ്രൊഫസറാണ് തിമോത്തി. അമേരിക്കന്‍ സര്‍വ്വകലാശാലയിലെ അധ്യാപകരായ ഇരുവരേയും 2016 ആഗസ്റ്റിലാണ് തോക്കിന്‍ മുനയില്‍ ഭീകരര്‍ തട്ടിക്കൊണ്ട് പോയത്. 

കാബൂളിലെ അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ നിന്ന് താമസസ്ഥലത്തേക്കുള്ള യാത്രയിലാണ് ഇവരെ ഭീകരര്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. രഹസ്യമായി ഇവരെ രക്ഷിക്കാന്‍ അമേരിക്കന്‍ സൈന്യത്തെയുപയോഗിച്ച് നടത്തിയ നീക്കം പാളിയിരുന്നു. ഇവരെ തടവില്‍ പാര്‍പ്പിച്ച സ്ഥലത്ത് സൈന്യം എത്തി, ഏഴ് ഭീകരരെ വധിച്ചെങ്കിലും ഭീകരര്‍ ഇവരെ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നു. അധ്യാപകരെ വിട്ടയക്കാന്‍ താലിബാനുമായി അഫ്ഗാനിസ്ഥാന്‍ നടത്തിയ ചര്‍ച്ചകള്‍ കഴിഞ്ഞ സെപ്തബറില്‍ പരാജയപ്പെട്ടിരുന്നു.

ഇതോടെയാണ് താലിബാന്‍  ആവശ്യപ്പെട്ട മൂന്ന് കൊടും ഭീകരരെ വിട്ടയക്കാന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറായത്. ഭീകരരെ വിട്ടയക്കാനുള്ള തീരുമാനം ഇന്നലെയാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്റഫ് ഖാനി പ്രഖ്യാപിച്ചത്. താലിബാന്‍ നേതാക്കളുടെ സഹോദരനായ അനസ് ഹഖാനി അടക്കമുള്ള മൂന്ന് പേരെയാണ് വിട്ടയക്കുന്നത്. വിട്ടയക്കലിനെക്കുറിച്ച് താലിബാന്‍ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓസ്ട്രേലിയയുടേയും അമേരിക്കയുടേയും ദീര്‍ഘകാല സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. 

അമേരിക്കന്‍ സൈന്യത്തിന്‍റെ പാളിപ്പോയ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ തങ്ങളുടെ അവസ്ഥ അതിദയനീയമാണെന്ന് അധ്യാപകര്‍ പറയുന്ന വീഡിയോ 2017 ജനുവരിയില്‍  താലിബാന്‍ പുറത്തുവിട്ടിരുന്നു. ഇവരെ തടവില്‍ താമസിപ്പിച്ചിരിക്കുന്ന ഇടത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുമില്യണ്‍ ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരുന്നത്. അഫ്ഗാനിസ്ഥാനിലെ യുവതലമുറയെ ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ എത്തിയ അധ്യാപകരെ സുരക്ഷിതരായി മോചിപ്പിച്ചെടുക്കമെന്ന് അമേരിക്കന്‍ സര്‍വ്വകലാശാല ആവശ്യപ്പെട്ടിരുന്നു.