വാള്‍ട്ട് ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ ലയണ്‍ കിംഗിലെ നായക കഥാപാത്രത്തോടുള്ള അപാരമായ രൂപ സാദൃശ്യമാണ് ബോബിനെ വിനോദ സഞ്ചാരികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറെ പ്രിങ്കരനാക്കിയത്.

ടാന്‍സാനിയ: ആഫ്രിക്കയിലെ ഏറ്റവും സുന്ദരനായ സിംഹമെന്ന് പേര് കേട്ട ബോബ് ജൂനിയര്‍ എതിരാളികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ചെറുപ്പക്കാരായ മൂന്ന് സിംഹങ്ങളാണ് ബോബ് ജൂനിയറെ കൊലപ്പെടുത്തിയത്. ആഫ്രിക്കയിലെ ഏറ്റവും സുന്ദരനും ഫോട്ടോജെനിക്കുമായ സിംഹമെന്ന അറിയപ്പെട്ടിരുന്ന ബോബ് ജൂനിയറിന് ആ പേര് ലഭിച്ചത് പ്രശസ്ത ഗായകന്‍ ബോബ് മാര്‍ലിയുടെ ഓര്‍മ്മയിലായിരുന്നു. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഒരു പോലെ പ്രിയങ്കരനായിരുന്നു ബോബ്.

ഏഴ് വര്‍ഷത്തിലധികമായി ടാന്‍സാനിയയിലെ സെറിന്‍ഗെറ്റി ദേശീയ ഉദ്യാനത്തിലെ സിംഹക്കൂട്ടത്തിന്‍റെ നായകനായിരുന്നു ബോബ്. സഹോദരനായ ട്രിഗ്വ് മാര്‍ലിക്കൊപ്പമായിരുന്നു ബോബ് സിംഹക്കൂട്ടത്തെ നയിച്ചിരുന്നത്. സ്നിഗ്വെ എന്ന പേരിലും അറിയപ്പെട്ടിരുന്ന ബോബിന്‍റെ അധികാര പരിധിയിലുണ്ടായിരുന്ന പ്രദേശത്തേക്ക് എത്തിയ യുവ സിംഹങ്ങളുമായുള്ള ഏറ്റുമുട്ടലിലാണ് 10നും 12നും ഇടയില്‍ പ്രായമുള്ള ബോബ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ബോബിന്‍റെ പിതാവിന്റെ മരണത്തിന് പിന്നാലെയായിരുന്നു സിംഹക്കൂട്ടത്തിന്‍റെ നേതൃത്വത്തിലേക്ക് ബോബ് എത്തിയതെന്നാണ് ടൂറിസ്റ്റ് ഗൈഡുമാര്‍ വിശദമാക്കുന്നത്. ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണെന്നാണ് ദേശീയ ഉദ്യാനത്തിന്‍റെ ചുമതലയിലുള്ള ഫ്രെഡി ഷിരിമ വിശദമാക്കുന്നത്. സാധാരണ ഗതിയില്‍ സിംഹക്കൂട്ടത്തിന്‍റെ നേതൃത്വത്തിലുള്ള സിംഹത്തിന് പ്രായം കൂടുന്നതോടെ സംഭവിക്കുന്ന ഒന്ന് മാത്രമാണ് ഇതെന്നും ഫ്രെഡി ഷിരിമ കൂട്ടിച്ചേര്‍ത്തു.

ടാന്‍സാനിയയിലെ വടക്കന്‍ മേഖലയിലുള്ള ദേശീയോദ്യാനത്തില്‍ ചുരുങ്ങിയത് 3000 സിംഹങ്ങളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. സാധാരണ ഗതിയില്‍ ആണ്‍ സിംഹങ്ങള്‍ എട്ട് മുതല്‍ പത്ത് വയസ് വരെയാണ് ജീവിക്കാറ്. ബോബിന്‍റെ ജനപ്രീതി കണക്കിലെടുത്ത് പ്രത്യേക രീതിയിലാണ് ബോബിന്‍റെ സംസ്കാരം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. രൂപ ഭംഗിയിലും ഗൌരവ സ്വഭാവത്തിലും വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന സിംഹങ്ങളിലൊന്നാണ് ബോബ്. ബോബിന്‍റെ വിവിധ ചിത്രങ്ങളാണ് വന്യജീവി ഫോട്ടോഗ്രാഫര്‍മാരും ബോബിന്‍റെ ആരാധകരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. 

വാള്‍ട്ട് ഡിസ്നിയുടെ അനിമേഷന്‍ ചിത്രമായ ലയണ്‍ കിംഗിലെ നായക കഥാപാത്രത്തോടുള്ള അപാരമായ രൂപ സാദൃശ്യമാണ് ബോബിനെ വിനോദ സഞ്ചാരികള്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറെ പ്രിങ്കരനാക്കിയത്.