ഞായറാഴ്ച ഇറാനുമായി യുറേനിയം എൻറിച്ച്മെന്റ് പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനിൽ പലയിടങ്ങളിലും ആക്രമിച്ചിട്ടുള്ളത്.

വാഷിംഗ്ടൺ: ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തോട് അകലം പാലിക്കാൻ നിർദ്ദേശം നൽകി ട്രംപ് ഭരണകൂടം. ഇറാനുമായി ആണവ കരാർ രൂപീകരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് ഇസ്രയേൽ ആക്രമണം തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് നിർദ്ദേശം. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ വെള്ളിയാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ഇറാനുമായി യുറേനിയം എൻറിച്ച്മെന്റ് പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനിൽ പലയിടങ്ങളിലും ആക്രമിച്ചിട്ടുള്ളത്.

ഇറാനെതിരായ ഇസ്രയേൽ ആക്രമണം ഏകപക്ഷീയമായതെന്നാണ് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശക സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കിയത്. തങ്ങളുടെ പ്രഥമ പരിഗണന മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ സംരക്ഷണമാണ്. രാജ്യത്തിന്റെ സംരക്ഷണത്തിന് ആക്രമണം അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് ഇസ്രയേൽ വിശദമാക്കിയതെ്നാണ് മാർകോ റൂബിയോ പറയുന്നത്. ഇസ്രയേൽ ആക്രമണത്തിന് ഒരു മണിക്കൂർ മുൻപ് വരെയും നയതന്ത്രപരമായ ഇടപെടലിലൂടെ പരിഹാരം കാണാൻ ട്രംപ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര ആണവ ഊ‍ർജ്ജ ഏജൻസി വ്യാഴാഴ്ച ഇറാനിൽ 20 വർഷത്തിനിടെ ആദ്യമായി ആണവ പദ്ധതികളുടെ വ്യാപനത്തിൽ നയം തെറ്റിച്ചുവെന്ന് വിശദമാക്കിയപ്പോഴും ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതെന്നാണ് ഇറാൻ വാദിക്കുന്നത്.

ഇറാന്റെ ആക്രമണം അമേരിക്ക ലക്ഷ്യമിട്ടുള്ളതാവരുതെന്നും മാർകോ റൂബിയോ ഇറാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇസ്രയേലിനെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ഇസ്രയേലിനെ പിന്തുണയ്ക്കുമോയെന്ന് കാര്യം മാർകോ റൂബിയോ വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച നെതന്യാഹു ട്രംപുമായി സംസാരിച്ചിരുന്നു. വിഷയം ഇറാൻ ആയിരുന്നുവെന്നാണ് റോയിട്ടേഴ്സ് വിശദമാക്കുന്നത്. ഇറാന്റെ പ്രത്യാക്രമണം മേഖലയിലെ അമേരിക്കൻ സൈനികർക്ക് വെല്ലുവിളിയാവുമെന്ന വിലയിരുത്തലിലാണ് അമേരിക്കൻ ഇൻറലിജൻസുള്ളത്. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇറാഖിലെ ചില ജീവനക്കാരെ ഒഴിപ്പിക്കാനും പെൻറഗൺ അനുമതി നൽകിയിരുന്നു. മിഡിൽ ഈസ്റ്റിൽ നിന്നും സൈനിക കുടുംബാംഗങ്ങൾക്ക് പിന്മാറാനുള്ള അനുമതിയും പെന്റഗൺ നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം