25കാരനായ രവീന്ദര്‍ സിംഗാണ് പെഷവാറില്‍ കൊല്ലപ്പെട്ടത്. മലേഷ്യയില്‍ താമസിക്കുന്ന ഇയാള്‍ ഷോപ്പിങ് ആവശ്യങ്ങള്‍ക്കായി പെഷവാറിലെത്തിയതെന്നാണ് വിവരം. 

ദില്ലി: പാകിസ്ഥാനിലെ നങ്കനയില്‍ ഗുരുദ്വാരയ്ക്ക് നേരെ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്ക് പിന്നാലെ പേഷവാറില്‍ സിഖ് യുവാവിനെ കൊല ചെയ്ത നിലയില്‍ കണ്ടെത്തി. 25കാരനായ രവീന്ദര്‍ സിംഗാണ് പെഷവാറില്‍ കൊല്ലപ്പെട്ടത്. മലേഷ്യയില്‍ താമസിക്കുന്ന ഇയാള്‍ വിവാഹ ഷോപ്പിങ് ആവശ്യങ്ങള്‍ക്കായി പെഷവാറിലെത്തിയതെന്നാണ് വിവരം. അജ്ഞാതന്‍ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പബ്ലിക് ന്യൂസ് എന്ന മാധ്യമ സ്ഥാപനത്തിന്‍റെ അവതാരകനായ ഹര്‍മീത് സിങിന്‍റെ സഹോദരനാണ് ഇയാള്‍. രവീന്ദറിന് നേരെ വെടിവച്ചയാള്‍ ഹര്‍മീതിന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തുവെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

പെഷവാറിലെ ചംകാനി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ഘാതകരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഗുരുനാനാക്കിന്‍റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ അക്രമത്തിന് പിന്നാലെയുണ്ടായിരിക്കുന്ന സിഖ് യുവാവിന്‍റെ കൊലപാതകം പാകിസ്ഥാനിലെ സിഖ് സമൂഹത്തിനിടയില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സിഖ് യുവാവിന്‍റെ കൊലപാതകത്തെ ഇന്ത്യ ശക്തമായി അപലിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരെയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയാണ് വെള്ളിയാഴ്ച കല്ലേറുണ്ടായത്. നിരവധി വിശ്വാസികള്‍ ഗുരുദ്വാരക്ക് അകത്ത് ഉണ്ടായിരുന്ന സമയത്താണ് നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. വിശുദ്ധ സ്ഥലം നശിപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങളെ ശക്തമായി അപലപിച്ച ഇന്ത്യ പാകിസ്ഥാന്‍ സര്‍ക്കാരിനോട് സിഖ് മത വിശ്വാസികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ സിഖ് യുവതിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റിയെന്ന് ആരോപണത്തിന്‍റെ പിന്തുടര്‍ച്ചയാണ് ആക്രമണമെന്നാണ് സൂചന. 

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിന്‍റെ നേതൃത്വത്തിലായിരുന്നു ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അകാലിദള്‍ എംഎല്‍എ മന്‍ജീദ് സിങ് സിര്‍സ അക്രമകാരികള്‍ സിഖ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ഗുരുദ്വാരക്കുള്ളില്‍ കുടുങ്ങിയിട്ടുള്ള വിശ്വാസികളെ അക്രമികളില്‍ രക്ഷിക്കണമെന്ന് അമരീന്ദര്‍ സിങ് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് മറുപടിയായി ഉത്തര്‍ പ്രദേശില്‍ മുസ്‍ലിംകള്‍ ആക്രമിക്കപ്പെടുന്നതെന്ന പേരില്‍ ധാക്കയില്‍ നിന്ന് വര്‍ഷങ്ങള്‍ പഴക്കമുള്ള വീഡിയോ ട്വീറ്റ് ചെയ്ത ഇമ്രാന്‍ പിന്നീട് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. 

അതേസമയം നങ്കന സാഹിബ് ഗുരുദ്വാരക്ക് സമീപമുള്ള ഒരു ചായക്കടയില്‍ വച്ച് രണ്ട് മുസ്‍ലിം വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും ജില്ലാ അധികൃതര്‍ സംഭവത്തില്‍ ഇടപെട്ട് അറസ്റ്റ് നടന്നിട്ടുണ്ടെന്നുമാണ് പാക് വിദേശകാര്യമന്ത്രാലയം സംഭവത്തേക്കുറിച്ച് വ്യക്തമാക്കിയത്.